Pravasi

വിട പറഞ്ഞത് ഇന്ത്യയുടെ ജനകീയ സ്ഥാനപതി



എം ടി പി റഫീക്ക്

ദോഹ: അംബാസഡര്‍ എന്നത് കോട്ടുധാരികള്‍ക്കു മാത്രം കടന്നു ചെല്ലാവുന്ന കസേരയല്ലെന്നും ഏത് സാധാരണക്കാരനായ ഇന്ത്യന്‍ പൗരനും കടന്നു ചെന്ന് മുട്ടാവുന്ന വാതിലാണതെന്നും തെളിയിച്ച ജനകീയനായ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു ഇന്നലെ നിര്യാതനായ ഡോ. ജോര്‍ജ് ജോസഫ്. അതു കൊണ്ട് തന്നെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ അദ്ദേഹത്തെ എന്നും നന്ദിയോടെ സ്്മരിക്കും. എംബസിയെ ചുറ്റിപ്പറ്റി ചില വ്യവസായികളും സാമൂഹിക സംഘടനാ നേതാക്കളും നടത്തുന്ന ബാഹ്യ ഇടപെടല്‍ അവസാനിപ്പിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.2005 ഒക്ടോബറിലാണ് ഡോ. ജോര്‍ജ് ജോസഫ് ഖത്തര്‍ അംബാസഡറായി സ്ഥാനമേറ്റത്. 2009 ജനുവരി വരെയുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവില്‍ അംബാസഡര്‍ പദവി ഏറ്റവും സാധാരണക്കാര്‍ക്ക് വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് അദ്ദേഹം തെളിയിച്ചു. ഔപചാരികതകള്‍ മാറ്റി വച്ചു എന്നും താഴേക്കിടയിലുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് ചുവപ്പുനാടകള്‍ ഒഴിവാക്കി അടിയന്തര പരിഹാരം കാണുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. ഖത്തറിലെ മലയാളി സമൂഹവുമായും മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഡ്രൈവര്‍മാരടക്കമുള്ള വീട്ടുജോലിക്കാരുടെ ശമ്പളവും ജീവിതസാഹചര്യവും മെച്ചപ്പെടുത്താനും അവരുടെ നിയമനം വ്യവസ്ഥാപിതമാക്കാനും 'സെന്‍ട്രല്‍ പൂള്‍' സ്ഥാപിക്കാനുള്ള ജോര്‍ജ് ജോസഫിന്റെ നിര്‍ദേശം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വീട്ടുജോലിക്കാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. തൊഴിലാളികളുടെ കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് അടിയന്തര പരിഹാരം കാണുന്നതിനുള്ള ഓപ്പണ്‍ ഹൗസ് സംവിധാനത്തിന് മുന്‍കൈയെടുത്തത് ഡോ. ജോര്‍ജ് ജോസഫായിരുന്നു. ഖത്തര്‍-ഇന്ത്യ തൊഴില്‍കരാര്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനു നേതൃത്വം നല്‍കി എന്നതാണ് എടുത്തു പറയാവുന്ന മറ്റൊരു നേട്ടം. ഖത്തറില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്‌റയ്‌നില്‍ അംബാസഡറായി സ്ഥാനമേറ്റത്. ബഹ്‌റയ്‌നിലും ജനകീയനായ അംബാസഡര്‍ എന്ന രീതിയില്‍ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. സൗദി അറേബ്യ, ദുബയ്, ഹോങ്കോങ്, മോസ്‌കോ, സിംബാബ്‌വെ, യുഎസ്എ എന്നീ രാജ്യങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it