azchavattam

വിട്ടുവീഴ്ച കീഴടങ്ങലല്ല

വിട്ടുവീഴ്ച കീഴടങ്ങലല്ല
X
hridaya
മിഴ് എഴുത്തുകാരനായ ജയകാന്തന്റെ ഒരു നോവല്‍-“'ഒരു കുടുംബത്തില്‍ സംഭവിക്കുന്നത്' എന്ന ശീര്‍ഷകത്തില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈശ്വരനും അയാളുടെ ഭാര്യ പാര്‍വതിയും മകന്‍ അറുമുഖനും മകള്‍ അഖിലയുമാണ് പ്രധാന കഥാപാത്രങ്ങള്‍. സ്വന്തം ദുഃഖങ്ങള്‍ മറച്ചുവച്ചും അച്ഛനമ്മമാരുടെ സൈ്വര്യവും സമാധാനവും നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നവരാണ് മക്കളായ അറുമുഖനും അഖിലയും. അറുമുഖന് എയര്‍ഫോഴ്‌സിലാണ് ജോലി. അഖില അധ്യാപികയാണ്. വളരെ കാലത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ അഖിലയെ ബാലസുന്ദരം എന്നൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. പ്രഥമ രാത്രിയില്‍ തന്നെ തന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന് തരിപ്പണമായതായി അഖില മനസ്സിലാക്കുന്നു. തൊഴില്‍രഹിതനും ചൂതുകളിക്കാരനും മദ്യപനും ദുശ്ശീലക്കാരനുമായ ഒരാളെയാണ് ഭര്‍ത്താവായി തനിക്കു കിട്ടിയിരിക്കുന്നത്. തനിക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്നു കൂടി ബാലസുന്ദരം പറഞ്ഞപ്പോള്‍ അഖിലയുടെ സമനില തെറ്റി. ബാലസുന്ദരം പറയുന്നതൊക്കെ കളവായിരുന്നെങ്കില്‍ എന്ന് അഖില ആഗ്രഹിക്കുന്നു.എന്നാല്‍, തന്റെ ദുരിതങ്ങളും പ്രയാസങ്ങളും അഖില സഹോദരനെയോ മാതാപിതാക്കളെയോ അറിയിക്കുന്നില്ല. മാത്രമല്ല, ആഴ്ചതോറും എഴുതുന്ന കത്തുകളില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും അവള്‍ അവരെ അറിയിച്ചുകൊണ്ടിരുന്നു. അഖിലയുടെ കത്തിനെ കുറിച്ച് നോവലിലെ പരാമര്‍ശം ഇങ്ങനെ: ഒരു ഉല്ലാസപ്പറവയുടെ ചിറകുപോലെ സന്തോഷം കൊണ്ടു പടപടയ്ക്കുന്ന കത്തുകളായിരുന്നു അഖില അവര്‍ക്കെഴുതിയത്. തന്റെ വേദനയും ദുഃഖവും തന്നെ അതിരറ്റ് സ്‌നേഹിക്കുന്ന മാതാപിതാക്കളെയും സഹോദരനെയും അറിയിച്ച് അവരെ വ്യസനിപ്പിച്ചിട്ടെന്തു നേട്ടം എന്നായിരുന്നു അഖില ആലോചിച്ചത്.മകന്‍ ധാരാളം പണം അയച്ചു തരുന്നു. മകള്‍ക്ക് പരമസുഖം. തങ്ങള്‍ കഴിഞ്ഞ കാലത്ത് കഷ്ടപ്പെട്ടതിനുള്ള പ്രതിഫലമായിക്കരുതി ഈശ്വരനും പാര്‍വതിയും സസന്തോഷം കഴിയുന്നു. അങ്ങനെയിരിക്കേ അഖില അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അറുമുഖന്‍ അറിയുന്നു. ബാലസുന്ദരവുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ അയാള്‍ സഹോദരിയെ ഉപദേശിക്കുന്നു. അച്ഛനും അമ്മയും സ്വസ്ഥതയോടെ സന്തോഷപൂര്‍വം ജീവിക്കുന്നു. അത് നമ്മള്‍ നശിപ്പിക്കേണ്ടല്ലോ-” ഇതായിരുന്നു അഖിലയുടെ മറുപടി. അഖില അറുമുഖനോട് ഇങ്ങനെ അപേക്ഷിച്ചു: നിങ്ങള്‍ എനിക്ക് ഒരു സഹായം ചെയ്യണം. അച്ഛനും അമ്മയും ഇതൊന്നും അറിയരുത്. ദൈവത്തെ വിചാരിച്ച് സത്യം ചെയ്യ്. ഈ കുടുംബരഹസ്യം ആരും അറിയരുത്, സത്യം ചെയ്യ്. അമ്മയുടെയും അച്ഛന്റെയും സഹോദരിയുടെയും സന്തോഷത്തിനുവേണ്ടി മാത്രം ജീവിക്കുന്ന അറുമുഖന്‍ അഖിലയുടെ അപേക്ഷ സ്വീകരിക്കുന്നു.ഈ ലഘുനോവല്‍ പരിഭാഷപ്പെടുത്താന്‍ കാരണം ജയകാന്തന്‍ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കാണിക്കുന്ന, മോഹിപ്പിക്കുന്ന വിട്ടുവീഴ്ചകളാണെന്ന് കെ എസ് വെങ്കിടാചലം പറയുന്നു. വിട്ടുവീഴ്ചകള്‍ കീഴടങ്ങലല്ല. വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ തുറന്നിടുന്നത് സ്‌നേഹത്തിന്റെ വാതിലാണ്. കുടുംബം എന്ന സങ്കല്‍പത്തിനകത്ത് സൃഷ്ടിക്കേണ്ട സ്‌നേഹത്തിന്റെ ഉറവകളെയും വിട്ടുവീഴ്ചകളുടെ അനിവാര്യതയെയും ഈ ലഘുനോവല്‍ ഉദ്‌ഘോഷിക്കുന്നു.എറിക് ഫ്രോം പറഞ്ഞു: കുട്ടികളുടെ സര്‍വവിധേനയുള്ള കരുത്തിന്റെയും സ്രോതസ്സാണ് പിതാവ്. തന്റെ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിരൂപവും പിന്‍ഗാമിയുമായാണ് കുട്ടിയെ പിതാവ് കാണുന്നത്. മാതാവു നാം ജനിച്ചുവളരുന്ന ഗേഹമാണ്. ശിശുവിന് സര്‍വസഹായങ്ങളും മാതാവില്‍നിന്ന് ലഭിക്കുന്നു. സ്വാര്‍ഥത തീണ്ടാത്ത മാതൃസ്‌നേഹത്തെയാണ് സ്‌നേഹത്തിന്റെ പരമോന്നത മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.മാതാപിതാക്കളില്‍ മഹാഭൂരിപക്ഷം പേരും വാര്‍ധക്യകാലത്ത് അവരുടെ മക്കളുടെ തണലില്‍ സസുഖം കഴിയുന്നവരാണ്. എങ്കിലും വാര്‍ധക്യം ഒരു ശാപകാലമായി അനുഭവിക്കേണ്ടിവരുന്നവരും നമുക്കിടയില്‍ ധാരാളം പേരുണ്ട്. മക്കളെ പോറ്റിവളര്‍ത്താനും കുടുംബം കെട്ടിപ്പടുക്കാനും അധ്വാനം ചെയ്ത ശേഷം കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്നവര്‍. മക്കള്‍ തങ്ങള്‍ക്ക് കണ്‍കുളിര്‍മ പ്രദാനം ചെയ്യണമെന്നാണ് അവരുടെ പ്രാര്‍ഥന. പക്ഷേ, മക്കള്‍ തന്നെ അവരെ കണ്ണീരു കുടിപ്പിക്കുമ്പോഴോ? ദൈവത്തിന്റെ മുമ്പില്‍ ഏറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളില്‍ ഒന്നായാണ് മാതാപിതാക്കളോടുള്ള നന്ദികേടിനെ മുഹമ്മദ് നബി എണ്ണിയിട്ടുള്ളത്. നിരുപാധികമായ സ്‌നേഹത്താല്‍ ഉത്തേജിതരായി തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കാത്തവര്‍ കൊടുംപാതകമാണ് ചെയ്യുന്നത്.  [related]
Next Story

RELATED STORIES

Share it