വിടവാങ്ങിയത് മികച്ച ഭരണാധികാരി; രാഷ്ട്രീയത്തിലെ കാര്‍ക്കശ്യക്കാരന്‍

കോട്ടയം: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്ന എം എം ജേക്കബ്, ആചാര്യ വിനോബാഭാവെയുടെ ഭൂദാന്‍ പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും സജീവമാവുന്നത്.
തേവര കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായാണ് തുടക്കം. 1952ല്‍ രാമപുരത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി രാഷ്ട്രീയ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു.  മികച്ച ഭരണാധികാരിയെന്നതോടൊപ്പം രാഷ്ട്രീയ നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയ നേതാവുകൂടിയായിരുന്നു ജേക്കബ്. പൊതുകാര്യങ്ങളിലായാലും രാഷ്ട്രീയകാര്യങ്ങളിലായാലും മുഖംനോക്കാതെ അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതുകൊണ്ട് എം എം ജേക്കബിനു പഠനം താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നിരുന്നു. ആചാര്യ വിനോബാ ഭാവയുടെ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രചാരകനായ അദ്ദേഹം ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നേടിക്കൊടുക്കുകയെന്ന, ഭാവയുടെ ലക്ഷ്യത്തിനൊപ്പം പ്രവര്‍ത്തിച്ചു.
1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപക പ്രസിഡന്റായ ഭാരത് സേവക് സമാജില്‍ ജേക്കബ് അംഗമായി. മികച്ച പ്രാസംഗികനും സംഘാടകനുമെന്ന് പേരെടുത്ത ജേക്കബിന് ബിഎസ്എസ് പ്രചാരകര്‍ക്കു പരിശീലനം നല്‍കുന്ന ചുമതലയാണ് നെഹ്‌റു നല്‍കിയത്. പിന്നീട് ബിഎസ്എസിന്റെ അഖിലേന്ത്യാ വൈസ് ചെയര്‍മാനായി. നെഹ്‌റുവുമായുളള അടുപ്പമാണ് അദ്ദേഹത്തെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലേക്കെത്തിച്ചത്.  കെപിസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ വഹിക്കാനായി. 1982ലും 1988ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. 'ജേക്കബിന്റെ പേരാണ് നിങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലായിരുന്നു' എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് എല്‍ കെ അഡ്വാനി രാജ്യസഭാ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് അംഗങ്ങളോടു പറഞ്ഞത് ജേക്കബിന്റെ സ്വീകാര്യത തെളിയിക്കുന്ന സംഭവമായി.
1985ലും 1993ലും ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ പ്രസംഗിച്ചു. 1993ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും 1994യില്‍ വിയന്നയിലും നടന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1986 മുതല്‍ 1993 വരെ കേന്ദ്രമന്ത്രിയുമായി. രാജീവ് ഗാന്ധി മന്ത്രിസഭ 1986ല്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ എം എം ജേക്കബ് പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി. 1989ല്‍ അദ്ദേഹത്തിന് ജലവിഭവത്തിന്റെ സ്വതന്ത്രചുമതല കൂടി ലഭിച്ചു. 1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തരസഹമന്ത്രിസ്ഥാനം ലഭിച്ച ജേക്കബിന് 1993ലെ പുനസ്സംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഗവര്‍ണര്‍മാരുടെ പതിവു രീതികളില്‍ നിന്നു വ്യത്യസ്തമായി ജനകീയപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജേക്കബ് മുന്നില്‍ നിന്നു. എന്‍ഡിഎ സര്‍ക്കാരിനും എം എം ജേക്കബിന്റെ കാര്യക്ഷമതയെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. 2000 ല്‍ മേഘാലയയുടെ ഗവര്‍ണറായ അദ്ദേഹത്തിനു ഒരു വര്‍ഷംകൂടി കാലാവധി നല്‍കിയത് വാജ്‌പേയി സര്‍ക്കാരാണ്.
Next Story

RELATED STORIES

Share it