kozhikode local

വിടവാങ്ങിയത് നാടിന്റെ സ്വന്തം പത്രക്കാരന്‍

വടകര: ഏഴുപതിറ്റാണ്ട് കാലം പത്രവിതരണ രംഗത്തും വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് എത്തിക്കുന്ന കാര്യത്തിലും സജീവ സാന്നിധ്യമായിരുന്ന നാദാപുരം റോഡിലെ ന്യൂസ് ഏജന്റും എംഎ സ്‌റ്റോര്‍ ഉടമയുമായ അനന്തന്‍ വിടവാങ്ങി. ബീഡിതൊഴിലാളിയായി ജീവിതമാരംഭിച്ച അനന്തന്‍ പിന്നീട് സ്വന്തമായി ചെറിയൊരു കട തുടങ്ങി. ക്രമേണ ചെറുതും വലുതുമായ ഒട്ടേറെ പത്രങ്ങളുടെ ഏജന്റ് ആയി മാറുകയായിരുന്നു. മടപ്പള്ളി കോളജ്, ഹൈസ്‌കൂള്‍ തുടങ്ങിയ പരിസരപ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ പഠനസാമഗ്രികളും ലഭിക്കുന്ന വലിയൊരു സ്ഥാപനമായി എം എ സ്‌റ്റോര്‍ മാറി. ഇന്ന് വിവിധ തസ്തികളില്‍ നിന്ന് വിരമിച്ചവരു ഉള്‍പ്പെടെ ഉള്ളവര്‍ ഒരുകാലത്ത് അനന്തേട്ടന്റെ കടയിലെ സന്ദര്‍ശകരായിരുന്നു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിലും ത്യാഗത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും ഫലമായി പത്രവിതരണമേഖലയില്‍ കുതിച്ചുയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രദേശത്തെ ചരമവാര്‍ത്തകളും മറ്റ് വാര്‍ത്തകളും വളരെ ഉത്തരവാദിത്വത്തോടെ പത്രഓഫിസുകളില്‍ എത്തിക്കാന്‍ ഏറെ ത്യാഗങ്ങള്‍ ഏറ്റെടുന്ന വ്യക്തികൂടിയാണ് അദ്ദേഹം. റേഡിയോ ഏറെ പ്രചാരത്തിലില്ലാത്ത കാലഘട്ടത്തില്‍ നിരവധിപേര്‍ റേഡിയോ കേള്‍ക്കാനായി അനന്തേട്ടന്റെ കടയില്‍ എത്തിയിരുന്നു. സാമുഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സികെ നാണു എംഎല്‍എ, വടകര ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണന്‍, ആര്‍ ഗോപലന്‍, ആര്‍ സത്യന്‍, മനയത്ത് ചന്ദ്രന്‍, പ്രദീപ് ചോമ്പാല എന്നിവര്‍ ആദരാഞജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it