Flash News

വിടവാങ്ങിയത് തലമുറകളുടെ ഗുരുനാഥന്‍

ഷമീര്‍ രാമപുരം
രാമപുരം: ഒരുകാലത്ത് മലയാളക്കര മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്ന പേരാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിലെ ആദ്യ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, പണ്ഡിതന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഭാഷാസ്‌നേഹി, അധ്യാപക നേതാവ്, സംഘാടകന്‍ തുടങ്ങി വിശേഷണങ്ങള്‍ ഏറെയുണ്ട്.
പ്രാഥമിക പഠനത്തോടൊപ്പം ദര്‍സ് പഠനവും. ഇഎസ്എസ്എല്‍സി കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരുടെ പിതാവ് മണക്കാട് വാക്കത്തൊടി ആലി മുസ്‌ല്യാര്‍ സ്ഥാപിച്ച പുണര്‍പ്പ യുപി സ്‌കൂളില്‍. മലബാറില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയി. കേരളത്തിലെ ആദ്യ ബാച്ചിലെ എസ്എസ്എല്‍സിക്കാരന്‍ എന്ന ബഹുമതി വേറെയും. കൊല്ലം നോര്‍ത്ത് ദാറുസ്സലാം അറബിക് കോളജില്‍ തുടര്‍പഠനം. മദിരാശി നോര്‍ത്ത് ആര്‍ക്കാട് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. 1938ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി.
കരുവള്ളി മൗലവി എന്ന പേരിലറിയപ്പെട്ടിരുന്ന ശുഭ്രവസ്ത്രധാരിക്ക് മലയാളത്തിനു പുറമേ ഇംഗ്ലീഷ്, അറബി, ഉര്‍ദു, തമിഴ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. സംസ്ഥാനത്തെ ആദ്യ ഒമ്പത് അറബി മുന്‍ഷിമാരില്‍ ഒരാളായിരുന്നു മൗലവി. 1940ല്‍ പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി തുടക്കം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍, തൃശൂര്‍ ജില്ലയിലെ വലപ്പാട്, ചാവക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലും അധ്യാപകന്‍. ഒരു വര്‍ഷം കോലാറില്‍ പ്യൂണ്‍ ആയി ജോലി ചെയ്തു. മലപ്പുറം ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി. കാസര്‍കോട് സ്‌കൂള്‍ ഇന്‍സ്‌പെക്ടറും മലപ്പുറം ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അറബി അധ്യാപകനുമായിരുന്നു.
1962ല്‍ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി. 1974ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അറബി അധ്യാപകരെ സംഘടിപ്പിക്കാന്‍ കരുവള്ളി മൗലവി മുന്‍കൈയെടുത്തു. ആദ്യ സംഘടന അറബിക് പണ്ഡിറ്റ് യൂനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖിയും സെക്രട്ടറി കരുവള്ളി മുഹമ്മദ് മൗലവിയും ജന. സെക്രട്ടറി പ്രഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയുമായിരുന്നു. അറബിപഠനം എല്‍പി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ് കോയക്കു നിവേദനം നല്‍കി. തുടര്‍ന്ന് നൂറ് അറബി വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ഒരു അറബി അധ്യാപകനെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പ്രഥമ അധ്യക്ഷനായ അദ്ദേഹം റിട്ടയര്‍മെന്റിനു ശേഷം മലപ്പുറം കോട്ടപ്പടിയില്‍ മൗലവി ആന്റ് കമ്പനി എന്ന പേരില്‍ ചായപ്പൊടി മൊത്തവ്യാപാരവും ചില്ലറ വില്‍പനയും നടത്തിയിരുന്നു. അധ്യാപകരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും സംഗമകേന്ദ്രമായി ഇവിടം. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍, കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ്, എംഎസ്എസ് ചെയര്‍മാന്‍, കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, സലഫി വിദ്യാഭ്യാസ ബോര്‍ഡ് സെനറ്റ് മെംബര്‍, ഇസ്‌ലാമിക് സെമിനാര്‍ കൗണ്‍സില്‍ അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ എക്ലിക്യൂട്ടീവ് മെംബര്‍, ഇത്തിഹാദുല്‍ മുഅല്ലിമീന്‍ അറബിയ്യ അല്‍ മുതഖാഇദീന്‍ (ഇമാം) പ്രഥമ അധ്യക്ഷന്‍ എന്നീ പദവികള്‍ അലങ്കരിച്ചു.
കേരള വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തക പരിശോധന സമിതി അംഗം, പരീക്ഷാ ബോര്‍ഡ് അംഗം, ജില്ലാ സാക്ഷരതാ മിഷന്‍ അക്കാദമിക് ചെയര്‍മാന്‍, തുടര്‍വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ് മോണിറ്റിങ് കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചു. കിടപ്പിലാവും വരെ കരിഞ്ചാപ്പാടി സലഫി മസ്ജിദില്‍ ഖുതുബ നിര്‍വഹിച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷനായിരുന്നു കരുവള്ളി മുഹമ്മദ് മൗലവി.
Next Story

RELATED STORIES

Share it