kozhikode local

വിടവാങ്ങലില്‍ പൊന്നണിഞ്ഞ് ഷഹര്‍ബാന സിദ്ദീഖ്

പയ്യോളി: പത്തരമാറ്റിന്റെ സ്വര്‍ണ്ണത്തിളക്കവുമായി പയ്യോളി എക്‌സ്പ്രസ് പിന്‍ഗാമി ഷഹര്‍ബാന സിദ്ധീഖ്. സ്‌കൂള്‍ കായികമേളയിലെ തന്റെ വിടവാങ്ങല്‍ ഉഷ സ്‌കൂളിന്റെ പ്രിയ പുത്രി അവിസ്മരണീയമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 56.73 സെക്കന്റില്‍ ഓടിയെത്തിയാണ് പയ്യോളിയുടെ താരം പൊന്നണിഞ്ഞത്. കുഴിച്ചാലില്‍ വീട്ടില്‍ ടി പി സിദ്ധീഖും ഭാര്യ ഹസീനയും മകളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ പയ്യോളി കണ്ണങ്കുളം സ്‌കൂളില്‍ നിന്നും ശ്രീനാരായണ ഭജനമഠം യുപി സ്‌കൂളില്‍ നിന്നും ഉപജില്ല ജില്ലാ തലമല്‍സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ഷഹര്‍ബാനയിലെ കായികതാരത്തെ തിരിച്ചറിഞ്ഞ ഭജനമഠം സ്‌കൂളിലെ അധ്യാപകനായ ചന്ദ്രന്‍മാസ്റ്ററാണ് ഉഷ സ്‌കൂളില്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഓട്ടത്തിലെന്ന പോലെ ലോങ് ജംപിലും കഴിവ് തെളിയിച്ച താരമാണെന്ന് ചന്ദ്രന്‍മാസ്റ്റര്‍ പറയുന്നു.
ഉഷ സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് മികച്ച പരിശീലനം സാധ്യമായതെന്നും ഉഷയുടെ ശിക്ഷണമാണ് മകളെ ഉയരങ്ങളിലെത്തിച്ചതെന്നും പയ്യോളി മാര്‍ക്കറ്റില്‍ മല്‍സ്യവ്യാപാരം നടത്തുന്ന പിതാവ് സിദ്ധീഖ് പറയുന്നു. നിലവില്‍ ബാലുശ്ശേരി പൂവ്വമ്പായ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥിയാണ് ഷഹര്‍ബാന. സഹോദരങ്ങളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സഫറീനയും അനുജന്‍ ഒമ്പതാം ക്ലാസുകാരന്‍ ഫഹദും ഷഹര്‍ബാനക്ക് മുഴുവന്‍ പിന്തുണയുമായുണ്ട്.
Next Story

RELATED STORIES

Share it