kannur local

വിടപറഞ്ഞത് തളിപ്പറമ്പിലെ ലീഗ് കാരണവര്‍

കണ്ണൂര്‍: കെവി എന്നത് തളിപ്പറമ്പിലെയും പരിസരങ്ങളിലെയും മുസ്്‌ലിംലീഗിനു വെറും രണ്ടക്ഷരങ്ങളല്ല. മറിച്ച് പ്രസ്ഥാനത്തിന്റെ ഹൃദയതാളമറിഞ്ഞ് പ്രവര്‍ത്തിച്ച കാരണവര്‍ തന്നെയാണ്. സംഘര്‍ഷഭരിതമായ നാളുകളിലും തളിപ്പറമ്പിലെ ലീഗിനെ ഒരു നായകനെന്ന പോലെ കൈപിടിച്ചുയര്‍ത്തിയ കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യ മായിരുന്നു. എംഎസ്എഫില്‍ തുടങ്ങി സംസ്ഥാന മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിക്കാനായത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. ഇതിനിടയില്‍ തളിപ്പറമ്പ് നഗരപിതാവിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. തളിപ്പറമ്പിലെ മുസ്‌ലിംങ്ങള്‍ക്കിടയിലെ ആദ്യബിരുദധാരിയായ കെ വി. 1951ല്‍ മൂത്തേടത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തളിപ്പറമ്പ് ടൗണ്‍ എംഎസ്എഫ് പ്രസിഡന്റായാണു രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. തളിപ്പറമ്പ് താലൂക്ക് ഗ്രന്ഥശാല സംഘം ജോയിന്റ് സെക്രട്ടറി, തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍, തളിപ്പറമ്പ് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റംഗം, കേരളം സ്‌റ്റേറ്റ് ഹജ്ജ് വോളന്റിയര്‍, കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ഖജാഞ്ചി, തളിപ്പറമ്പ് കേയീ സാഹിബ് ട്രെയിനിങ് കോളജ് ഗവേണിങ് ബാഡി ചെയര്‍മാന്‍, തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി അംഗം ഉള്‍പ്പെടെ നിരവധി പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഫാറൂഖ് നഗറിലെ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചേലേരി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സമസ്ത സംസ്ഥാന സെക്രട്ടറി പി പി ഉമര്‍ മുസ്‌ല്യാര്‍, സിഡിഎംഇഎ പ്രസിഡന്റ് കെ അബ്ദുല്‍ ഖാദര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈര്‍, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്  ഫൈസല്‍ ചെറുകുന്നോന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി, സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it