kasaragod local

വിടപറഞ്ഞത് അശരണരുടെ അത്താണി

മേല്‍പറമ്പ്: കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഖത്തര്‍ ഹാജിയുടെ ആകസ്മിക മരണം മേല്‍പറമ്പ്, കളനാട് പ്രദേശങ്ങളെ ദുഖത്തിലാഴ്ത്തി. ഒരു ജീവിതകാലം മുഴുവനും സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവ്യക്തിയായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. ഖത്തറിലെത്തി സ്വപരിശ്രമത്തിലൂടെ വ്യവസായ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനായി.
കൊച്ചി, മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന എക്‌സ്‌പോര്‍ട്ടിങ് കമ്പനി ഉടമയായിരുന്നു. സാമൂഹിക, സാംസ്‌കാരിക രംഗത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോഴും അശരണരുടെ കണ്ണീരൊപ്പാന്‍ എന്നും മുന്‍പന്തിയിലായിരുന്നു. എസ്‌വൈഎസ് സംസ്ഥാന സമ്മേളനം കാസര്‍കോട്ട് നടന്നപ്പോള്‍ അതിന്റെ അരമക്കാരനും ഇദ്ദേഹമായിരുന്നു. റമദാന്‍ മാസത്തില്‍ എസ് കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരിപാടിയുടെ സംഘാടകനും ഇദ്ദേഹമായിരുന്നു.
എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. വിദ്യാഭ്യാസ രംഗത്തും തന്റോയ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്ഷയരോഗംമൂലം കഷ്ടപ്പെടുന്ന കൊറഗ വിഭാഗത്തിലെ നിരവധി പേര്‍ക്ക് ഇദ്ദേഹത്തിന്റെ വക ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തുവരുന്നുണ്ട്. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എന്നും മുന്‍പന്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
സാധാരണക്കാരനായി ജനിച്ച് വളര്‍ന്ന് ഉന്നതിയുടെ പടവുകള്‍ കയറിയിറങ്ങുമ്പോഴും സാധാരണക്കാരുടെ കണ്ണീരൊപ്പുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അസാധാരണ വ്യക്തിത്വത്തിനുടമയാണ് ഖത്തര്‍ ഇബ്രാഹിം ഹാജി. ഒരു രാജ്യത്തെ തന്നെ തന്റെ പേരിനോട് ചേര്‍ത്ത് നിര്‍ത്തിയ ഇബ്രാഹിം ഹാജി വലിയ സുഹൃദ് വലയത്തിനുടമയാണ്. മരണവാര്‍ത്ത അറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it