വിജ്ഞാപനമിറങ്ങി; 29 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ അങ്കം മുറുകി. ഗവര്‍ണര്‍ക്കു വേണ്ടി ചീഫ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമാണ് വിജ്ഞാപനം ഇറക്കിയത്. ഇതിനുശേഷം വരണാധികാരികള്‍ ഫോറം നമ്പര്‍ ഒന്നില്‍ തിരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചതോടെ പത്രികാ സമര്‍പ്പണത്തിനുള്ള ക്രമീകരണമായി.
ആദ്യദിനം സംസ്ഥാനത്തുടനീളം 29 നാമനിര്‍ദേശ പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ്- ഏഴുവീതം. പ്രമുഖ സ്ഥാനാര്‍ഥികളില്‍ ചിലര്‍ ആദ്യദിനം പത്രിക സമര്‍പ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാര്‍ഥികളായ എന്‍ ശക്തന്‍, കെ മുരളീധരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍, ബിജെപി സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ സ്ഥാനാര്‍ഥികളായ എസ് മിനി, ഗോപകുമാര്‍ എന്നിവരാണ് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങളില്‍നിന്നായി പത്രിക നല്‍കിയവര്‍. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണി, കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കാഞ്ഞിരപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി ബി ബിനു എന്നിവര്‍ കോട്ടയം ജില്ലയില്‍ പത്രിക സമര്‍പ്പിച്ചു.
എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആരും പത്രിക നല്‍കിയില്ല. കൊല്ലം- മൂന്ന്, പത്തനംതിട്ട- ഒന്ന്, ആലപ്പുഴ- രണ്ട്, തൃശൂര്‍- രണ്ട്, പാലക്കാട്- രണ്ട്, കോഴിക്കോട്- ഒന്ന്, കാസര്‍കോട്- നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ഇന്ന് ബാങ്ക് അവധിയായതിനാല്‍ പത്രിക സ്വീകരിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. 29ന് മൂന്നുവരെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. സൂക്ഷ്മപരിശോധന 30ന്. മെയ് രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് വരണാധികാരിയുടെ മുറിയിലേക്കു പ്രവേശനം. സ്വത്തുവിവരം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലത്തിന് പുറമേ സര്‍ക്കാര്‍ താമസസംവിധാനത്തിന്റെ ഉപയോഗം സംബന്ധിച്ച പ്രത്യേക സത്യവാങ്മൂലവും ഇത്തവണ നല്‍കണം. രണ്ടു സത്യവാങ്മൂലവും 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി അനുമതിയോടെ വേണം സമര്‍പ്പിക്കാന്‍.
തിരഞ്ഞെടുപ്പിന് 47 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പൊതുനിരീക്ഷകരായി നിയമിച്ചു. 29 മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്ന മെയ് 19 വരെ ഇവര്‍ മണ്ഡലങ്ങളില്‍ ക്യാംപ് ചെയ്യും. തിരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കല്‍, മാതൃകാ പെരുമാറ്റച്ചട്ടനിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷകര്‍ ഉറപ്പുവരുത്തും.
Next Story

RELATED STORIES

Share it