kannur local

വിജ്ഞാപനം വന്ന് അഞ്ചു വര്‍ഷം - എച്ച്എസ്എ മലയാളം: സീനിയോരിറ്റി നഷ്ടപ്പെടും



കൂത്തുപറമ്പ്: പരീക്ഷ കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും കണ്ണൂര്‍ ജില്ലയിലെ എച്ച്എസ്എ മലയാളം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചില്ല. അതേസമയം റാങ്ക് പട്ടിക വൈകുന്നത് സീനിയോറിറ്റി നഷ്ടപ്പെടുത്തുമെന്ന് ഉദ്യോഗാര്‍ഥികളുടെ ആശങ്ക. പുതിയ റാങ്ക് പട്ടികയില്‍ നിന്നും ഈ അധ്യയനവര്‍ഷം ആദ്യം നിയമനമുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയിലായി. 2015 ജൂലായ് 23നാണ് സംസ്ഥാനതലത്തില്‍ എച്ച്എസ്എ (മലയാളം) പരീക്ഷ നടന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും കൂടിക്കാഴ്ചയും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാതിരിക്കുന്നത്. മറ്റു ജില്ലകളില്‍ റാങ്ക് പട്ടിക  പ്രസിദ്ധീകരിച്ച്്് മാസങ്ങള്‍ക്കു മുമ്പുതന്നെ അഡൈ്വസ് മെമ്മോ അയച്ച് നിയമനങ്ങള്‍ തുടങ്ങി.റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് സര്‍വീസിലെ സീനിയോറിറ്റി പരിഗണിക്കുന്നത്. അധികൃതരുടെ അനാസ്ഥ കാരണം ഒരേ ദിവസം പരീക്ഷയെഴുതി ജോലി നേടുന്നവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. മുമ്പുണ്ടായിരുന്ന ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടെങ്കിലും, പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് ശക്തമായ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്്. 2012ലാണ് പിഎസ്‌സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2016 സെപ്തംബര്‍ ഏഴിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ 2017 മെയ് 12 മുതല്‍ 24 വരെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിനു മുമ്പെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കി. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ, നിലവിലുള്ള ഒഴിവുകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സ്ഥിതിയാണുള്ളത്. റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും പുനര്‍വിന്യസിക്കപ്പെട്ട സ്‌കൂളുകളിലുള്‍പ്പെടെയുള്ള ഒഴിവുകള്‍ കണ്ടെത്തി നിയമനം നടത്തണമെന്നുമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Next Story

RELATED STORIES

Share it