വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ക്കെതിരേ കേസെടുക്കണം

കൊച്ചി: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ക്കെതിരേ കേസെടുക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295-എ വകുപ്പു പ്രകാരം ക്രിമിനല്‍ കേസെടുക്കണം.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വൈജ്ഞാനിക ജേണലായ വിജ്ഞാന കൈരളി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ഒരു പ്രസിദ്ധീകരണം ആയിരിക്കെ ഇത്തരത്തില്‍ മതവിദ്വേഷം പുലര്‍ത്തുന്ന, മതാചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈസ് ചെയര്‍മാന്‍ മന്ത്രി എ കെ ബാലന്റെയും അറിവോടു കൂടിയാണോ എന്നു വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ഈ മാസികയില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു ലക്കങ്ങളില്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സമകാലിക കേരളത്തില്‍ മതവിശ്വാസങ്ങളെയാകെ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ തലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി വ്യാഖ്യാനിക്കേണ്ടിവരുമോ എന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ഖജാന്‍ജി ജോസഫ് പെരേര, മോണ്‍ ജോസ് നവസ്, വൈസ് പ്രസിഡന്റുമാരായ സി ടി അനിത, ഇ ഡി ഫ്രാന്‍സിസ്, എം സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസണ്‍ പി വര്‍ഗീസ്, ജോണി മുല്ലശ്ശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ ആന്റണി, കെ എച്ച് ജോണ്‍, ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, അനില്‍ ജോസഫ്, രാജു ഈരശേരില്‍, ബിജോയ് കരകാലില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it