wayanad local

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമവേദിയായി ക്വിസ് മല്‍സരം



കല്‍പ്പറ്റ: വയനാട് പ്രസ്‌ക്ലബ്ബ്, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം, ഹരിതകേരള മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജലസംരക്ഷണ കാംപയിന്റെ (നീരറിവ് നേരറിവ്) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മല്‍സരം വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമവേദിയായി. 16ന് കല്‍പ്പറ്റയില്‍ നടക്കുന്ന ജലസമ്മേളനത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് മല്‍സരം സംഘടിപ്പിച്ചത്. പരിസ്ഥിതി, ആനുകാലിക വിഷയങ്ങള്‍ എന്നിവയെ അധികരിച്ച് നടത്തിയ മല്‍സരത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച 10 ടീമുകളാണ് മാറ്റുരച്ചത്. പാഠപുസ്തകത്തിന് പുറത്തുള്ള ലോകത്തോടും കുട്ടികള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്നു മല്‍സരവേദി തെളിയിച്ചു. ചുരുങ്ങിയ സമയത്തിനകം ഉചിതമായ തീരുമാനമെടുത്ത് കൂടുതല്‍ മാര്‍ക്ക് നേടുന്ന റൗണ്ടില്‍ ചിലര്‍ അസാമാന്യ മിടുക്ക് കാണിച്ചു. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസില്‍ദാരും ക്യൂ വണ്‍ കോ-ഓഡിനേറ്ററുമായ ഇ സുരേഷ്ബാബുവായിരുന്നു ക്വിസ് മാസ്റ്റര്‍. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി ആദര്‍ശ്, കെ കെ ഫസല്‍ മുഹമ്മദ് ടീം ഒന്നാം സ്ഥാനവും മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഷ്ണു ്രശീനിവാസ്, എ എസ് നിരഞ്ജന്‍ ടീം രണ്ടാം സ്ഥാനവും നേടി. മീനങ്ങാടി ഗവ. ഹൈസ്‌കൂളിലെ നീരജ് പി രാജ്, കിരണ്‍ കൃഷ്ണ ടീമിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് 16ന് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജലസമ്മേളനത്തില്‍ സമ്മാനം നല്‍കും.
Next Story

RELATED STORIES

Share it