വിജേഷിന്റെ ഹൃദയം ഷംസുദ്ദീനില്‍ തുടിക്കും

കോഴിക്കോട്: മട്ടന്നൂര്‍ പുലിയങ്ങോട്ടെ ലക്ഷംവീട് കോളനിയില്‍ വിജയന്റെ മകന്‍ വിജേഷി(30)ന്റെ ഹൃദയം സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ മഞ്ചേരി മുള്ളമ്പാറ സ്വദേശി കെ പി ഷംസുദ്ദീന്‍ എന്ന അമ്പത്തിനാലുകാരന്റെ ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങിയപ്പോള്‍ അതു ചരിത്രമായി. മലബാറിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായിരുന്നു കോഴിക്കോട് മെട്രോ കാര്‍ഡിയാക് ആശുപത്രി സാക്ഷ്യം വഹിച്ചത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ 13ന് തലയ്ക്കു വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ വിജേഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമേകിയതോടെയാണ് അവയവമാറ്റത്തിനു കളമൊരുങ്ങിയത്.

15ന് വൈകീട്ട് മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ഹൃദയവും കരളും ഇരു വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ കടുത്ത മനോവ്യഥയ്ക്കിടയിലും പിതാവ് വിജയന്‍ സമ്മതം നല്‍കുകയായിരുന്നു. ഹൃദയവും കൊണ്ട് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള മെഡിക്കല്‍ സംഘത്തിന്റെ യാത്ര ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെയും കോഴിക്കോട്ടെയും ട്രാഫിക് പോലിസ് നിയന്ത്രിച്ച് യാത്ര സുഗമമാക്കി.

പോലിസുകാര്‍ കവലകളില്‍ കാവല്‍ നിന്നു. പുലര്‍ച്ചെ നാലിന് കണ്ണൂരില്‍നിന്നു പുറപ്പെട്ട മെഡിക്കല്‍ സംഘം ഒന്നര മണിക്കൂര്‍ തികയും മുമ്പ് കോഴിക്കോട്ടെത്തി. ഹൃദയം വഹിച്ച ഇന്നോവകാര്‍ 5.20ന് കോഴിക്കോട് മെട്രോ കാര്‍ഡിയാക് ആശുപത്രിയിലെത്തിയപ്പോള്‍ മറ്റ് അവയവങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി, മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി തുടങ്ങിയ ആശുപത്രികളിലെത്തിക്കുകയായിരുന്നു. 5.30ന് തുടങ്ങിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 11.30ഓടെ പൂര്‍ത്തിയാക്കി.

രണ്ടര മണിക്കൂറിനു ശേഷം ഷംസുദ്ദീനെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്കു മാറ്റി. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അവയവദാനത്തിനു കളമൊരുങ്ങിയതോടെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം  കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തി വിജേഷിന്റെ ഹൃദയം പുറത്തെടുക്കുകയായിരുന്നു. ഡോ. നന്ദകുമാറിനൊപ്പം ചീഫ് കാര്‍ഡിയോളജിസ്റ്റ് പി പി മുഹമ്മദ് മുസ്തഫ, ഡോ. ഗിരീഷ്, ഡോ. അശോക് ജയരാജ്, ഡോ. രോഹിത് നിക, ഡോ. ശിശിര്‍ ബാലകൃഷ്ണന്‍, ഡോ. ടി ടി ബിജു, ഡോ. അബ്ദുല്‍ റിയാദ്, ഡോ. സ്‌മേര കോറോത്ത്,  ഡോ. ഷിഹാബ്   നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it