thrissur local

വിജിലന്‍സ് റിപോര്‍ട്ട്; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ശുപാര്‍ശ

ചാലക്കുടി: ടൗണ്‍ഹാള്‍ നിര്‍മ്മാണം സംബന്ധിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശ. ടൗണ്‍ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് ബാബു ജോസഫ് പുത്തനങ്ങാടി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മുന്‍ നഗരസഭ സെക്രട്ടറിമാരായ സതീഷ്, പി കെ സജീവ് എഞ്ചിനീയര്‍ ഷീജ, ഓവര്‍സീയര്‍ നന്ദകുമാര്‍ എന്നിവര്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. ഇത് സംബന്ധിച്ച ചര്‍ച്ച കൗണ്‍സില്‍ യോഗത്തില്‍ വന്‍ഒച്ചപ്പാടിന് കാരണമായി. ഭരണപക്ഷ പാര്‍ട്ടി പാര്‍ലിമെന്ററി ലീഡര്‍ പി എം ശ്രീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. സുമനസ്സുകളില്‍ നിന്നാണ് ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് പണം സ്വരൂപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഇതില്‍ കളങ്കിതരുടെ പണവും ഉണ്ടെന്ന് വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ ഉന്നയിച്ചു.
നിയമപരമായി കെട്ടിട പെര്‍മിറ്റ് ലഭിക്കേണ്ടവര്‍ക്ക് അനാവശ്യമായ കാലതാമസം വരുത്തി അവരില്‍ നിന്നും നിര്‍ബന്ധിതമായി പണപിരിവ് നടത്തിയിട്ടുണ്ടെന്ന് ഭരണപക്ഷത്തെ വി ജെ ജോജി ഉന്നയിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ച ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് അരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിലേക്ക് യോഗം ശുപാര്‍ശ ചെയ്തതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
നഗരസഭ ക്രിമിറ്റോറിയത്തിന്റെ ഒരു വര്‍ഷത്തെ മെയിന്റനന്‍സ് നടത്തുന്നതിനായി കേരള സേഫ് ഇന്‍ഡസ്ട്രിയല്‍സ് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. കണ്ടിജന്റ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചു. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നതിനായി നിശ്ചിത ഫീസ് ഈടാക്കി കുടുംബശ്രീയെ ഏല്‍പ്പിക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന് വിധേയനായ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ കെ രവീന്ദ്രനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച അജണ്ട അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവച്ചു.
മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ക്കായി 28ലക്ഷത്തി പതിനായിരം രൂപയുടെ പ്രോജക്റ്റിന് കൗണ്‍സില്‍ അ ംഗീകരം നല്‍കി. സൗത്ത് ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും പുതിയ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഷിബു വാലപ്പന്‍, കെ വി പോള്‍, ബിജു ചിറയത്ത്, വി സി ഗണേശന്‍, ഉഷ പരമേശ്വരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it