വിജിലന്‍സ് ഡയറക്ടര്‍ യുഡിഎഫ് നേതാക്കളുടെ വിനീതനായ വാല്യക്കാരന്‍: വിഎസ്

തിരുവനന്തപുരം: സഹപ്രവര്‍ത്തകനായ എസ്പിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയിലൂടെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി യുഡിഎഫ് നേതാക്കളുടെ വിനീതനായ വാല്യക്കാരനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.
ശങ്കര്‍ റെഡ്ഡിയുടെ ഈ ശുപാര്‍ശ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണ്. വിവിധ കോടതികളിലും ജുഡീഷ്യല്‍ കമ്മീഷനുകളിലും സര്‍ക്കാരിനെതിരേ വന്നിട്ടുള്ള വിധികളില്‍നിന്നു ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണിത്. ചില യുഡിഎഫ് നേതാക്കള്‍ 'ആടിക്കളിക്കെടാ' എന്നു പറയുമ്പോള്‍ 'ചാടിക്കളിക്കുന്ന കുഞ്ഞിരാമനായി' വിജിലന്‍സ് ഡയറക്ടര്‍ മാറുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. അര്‍ഹതയുള്ള ഡിജിപിമാരെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കാത്തതിനു കാരണം എന്താണെന്നതിന്റെ ഉത്തരംകൂടിയാണ് ശങ്കര്‍ റെഡ്ഡിയുടെ നടപടി. ആ സുകേശനെതിരേ അന്വേഷണം നടത്തുന്നതുപോലെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ആസൂത്രിതമാണോ എന്നതിനെപ്പറ്റി ശങ്കര്‍ റെഡ്ഡിക്കെതിരേയും അന്വേഷണം നടത്തണം.
അഴിമതിക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ എഡിജിപിമാര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട് നിര്‍വൃതിയടയുന്ന ഡിജിപി, സോളാര്‍ കേസില്‍ ഫോണ്‍രേഖകള്‍ നശിപ്പിച്ചു എന്ന് ശിവരാജന്‍ കമ്മിഷനുമുമ്പാകെ വ്യക്തമാക്കിയ ഐജി ജോസിനെതിരേ എന്തുനടപടി സ്വീകരിച്ചെന്നു വെളിപ്പെടുത്തണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it