വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്തണം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് കത്തയച്ചു. സംസ്ഥാന പോലിസ് മേധാവി തന്നെ വിജിലന്‍സ് ഡയറക്ടറായി തുടരുന്നതിലെ നിയമപ്രശ്‌നം മറികടക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിജിലന്‍സ് ഡയറക്ടറായി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി കാഡര്‍ ഡിജിപി തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കാഡര്‍ തസ്തികയായി തരംതാഴ്ത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ അപേക്ഷയെന്നാണ് സൂചന. ലോക്‌നാഥ്  ബെഹ്‌റയ്ക്കു പുറമെ ഡിജിപി റാങ്കിലുള്ള 11 ഉദ്യോഗസ്ഥരുണ്ടായിരിക്കെയാണ് എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരെ വിജിലന്‍സ് തലപ്പത്തെത്തിക്കാന്‍ സര്‍ക്കാര്‍  നീക്കം നടത്തുന്നത്. വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശയും കത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജിലന്‍സ് കമ്മീഷന്‍ നിലവില്‍വരുമ്പോള്‍ തലപ്പത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെത്തും. അതോടെ ഡയറക്ടറുടെ പദവി എക്‌സ് കാഡറായി മാറ്റാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍, കാഡര്‍ റിവ്യൂ സമിതി യോഗം ചേര്‍ന്നശേഷമേ ഇത്തരമൊരു കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് ചട്ടം. മൂന്നു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കാഡര്‍ റിവ്യൂ യോഗങ്ങള്‍ നടക്കാറുള്ളത്. 2016ലാണ് ഇതിനു മുമ്പ് യോഗം നടന്നത്. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനും സംസ്ഥാനം നല്‍കിയ കത്തില്‍ ശുപാര്‍ശയുണ്ട്. നിലവില്‍ സംസ്ഥാന പോലിസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണ് കേന്ദ്രം അംഗീകരിച്ച കാഡര്‍ തസ്തികകള്‍. ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമാണെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it