വിജിലന്‍സ് കമ്മീഷന്‍: സര്‍ക്കാരിന് ഭരണപരിഷ്‌കാര കമ്മീഷന്റെ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയ്‌ക്കെതിരേ ഭരണപരിഷ്‌കാര കമ്മീഷന്‍. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ സമഗ്രമായ ഒരു വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതിനായി കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെന്നാണ് വിമര്‍ശനം. വി സ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ഇന്നലെ ചേര്‍ന്ന 12ാമത് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
നിലവിലുള്ള വിജിലന്‍സ് സംവിധാനത്തെക്കുറിച്ച് നീതിപീഠങ്ങളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയത്. കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.  കമ്മീഷന്റെ ഇത്തരം ശുപാര്‍ശകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ മാര്‍ച്ച് അവസാനത്തോടെ സര്‍ക്കാരിനു സമര്‍പ്പിക്കാനും തീരുമാനിച്ചു. ക്ഷേമനിയമങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകളടങ്ങുന്ന അടുത്ത റിപോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കും.
ഓംബുഡ്‌സ്മാന്‍, ലോകായുക്ത സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനുള്ള പഠനം തുടര്‍ന്ന് നടത്താന്‍ തീരുമാനിച്ചു. വിവിധ വിഭാഗം ജനങ്ങള്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് അറിയുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി കമ്മീഷന്‍ നടത്തിയ പബ്ലിക് ഹിയറിങുകള്‍ ഏറെ ഫലപ്രദമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it