ernakulam local

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ ആര്‍ടി ഓഫിസില്‍ പരിശോധന നടത്തി

മൂവാറ്റുപുഴ: സ്വകാര്യബസ്സിന്റെ സമയക്രമത്തിന് മാറ്റം വരുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് ബസുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ ആര്‍ടി ഓഫിസില്‍ പരിശോധന നടത്തി.
അനധികൃതമായി സൂക്ഷിച്ചിരുന്ന 6200 രൂപയും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം നാലരയോടെ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി കെ കെ ബിജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പെരുമ്പാവൂര്‍, മലയാറ്റൂര്‍, ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത്.
കോടതിയില്‍നിന്ന് ലഭിച്ച ഉത്തരവ് നല്‍കിയെങ്കിലും ഉടമയോട് 20000 രൂപ ആര്‍ടിഒ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ ബസുടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ 20000 രൂപ ബസ് ഉടമ ആര്‍ടിഒയ്ക്ക് കാബിനിലെത്തി കൈമാറി. എന്നാല്‍, ആര്‍ടിഒ പണം വാങ്ങാതെ സമീപത്തുണ്ടായിരുന്ന ഇടനിലക്കാരന്‍ പണം വാങ്ങുകയായിരുന്നു.
ഇതെല്ലാം വിജിലന്‍സ് നല്‍കിയിരുന്ന രഹസ്യകാമറയില്‍ പകര്‍ത്തുകയും ചെയ്തു. പൊടുന്നനെ കയറിവന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ പണം ഇടനിലക്കാരനില്‍നിന്ന് കണ്ടെടുത്തു. കൂടുതല്‍ പരിശോധനയില്‍ 42000 രൂപയും കണ്ടെടുത്തു.
ആര്‍ടിഒയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണം നല്‍കിയതെന്ന് രഹസ്യകാമറയില്‍ വ്യക്തമായതോടെ വിജിലന്‍സ് ഡയറക്ടറുമായി ആലോചിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it