''വിജിലന്‍സ് ആസ്ഥാനത്ത് രാഷ്ട്രീയ തീരുമാനങ്ങള്‍''

തിരുവനന്തപുരം: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തു കേസന്വേഷണം സംബന്ധിച്ച തീരുമാനങ്ങള്‍ക്കു പകരം രാഷ്ട്രീയ തീരുമാനങ്ങളാണു കൈക്കൊള്ളുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്. വിവരാവകാശ നിയമവും സദ്ഭരണവും എന്ന വിഷയത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി മൂടിവയ്ക്കാനാണ് വിവരാവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇടപെടല്‍ വെളിവാക്കുന്ന ചോദ്യങ്ങള്‍ വിവരാവകാശമായി ഉന്നയിക്കപ്പെട്ടപ്പോള്‍ വിവരാവകാശനിയമം തന്നെ പൊളിച്ചെഴുതപ്പെടുകയാണ്. സര്‍ക്കാരിനെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. തലപ്പത്ത് നല്ല ഭരണാധികാരികള്‍ വന്നാല്‍ മാത്രമേ നല്ല ഉദ്യോഗസ്ഥര്‍ക്കു സ്ഥാനമുള്ളു. ആകാശത്തുനിന്നും പൊട്ടിവീണ ചിലരാണു സദ്ഭരണത്തെക്കുറിച്ച് സംസാരിക്കുന്നത്.
എല്ലാ മേഖലയിലും അഴിമതി നടമാടുമ്പോള്‍ നാട്ടില്‍ വികസനമുണ്ടെന്നു കരുതാനാവില്ല. വികസനത്തിന്റെ പേരില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യവസ്ഥിതികളെ ജീര്‍ണതയിലേക്കു നയിക്കുകയാണ്. കരാര്‍ വികസനത്തെയാണ് അധികാരികള്‍ വികസനമെന്നു കൊട്ടിഘോഷിക്കുന്നത്. റോഡുകളും പാലങ്ങളും നിര്‍മിക്കാന്‍ കോടികളുടെ കരാര്‍ നല്‍കി വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്നു. ഇവരുടെ ലക്ഷ്യം കമ്മീഷനായി ലഭിക്കുന്ന പണമാണ്. വികസനത്തെക്കുറിച്ചു വാചാലരാകുന്നവര്‍ വ്യക്തിത്വവികസനത്തെ കുറിച്ചോ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ നേട്ടങ്ങളെകുറിച്ചോ സംസാരിക്കുന്നില്ല. വികസനം വികസനം എന്നു പറയുമ്പോള്‍ത്തന്നെയാണു നാം സൗജന്യ അരിവിതരണത്തെക്കുറിച്ചു സംസാരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിത്. നിയമം നിയമത്തിന്റെ വഴിക്കു പോകുന്നതല്ലാതെ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ തെളിവെവിടേ എന്നു ചോദിക്കുന്നവര്‍ക്ക് തെളിവുകള്‍ കടല്‍കടന്നു പാനമയിലാണുള്ളതെന്നു വ്യക്തമായറിയാം. അവിടേക്ക് അന്വേഷണം നീളാത്തിടത്തോളം കാലം അഴിമതി തുടരാമെന്നും അവര്‍ക്കുബോധ്യമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ തട്ടിലും അഴിമതി വ്യാപിച്ചിരിക്കുന്നുവെന്നു പാറ്റൂര്‍ അഴിമതി കേസിന്റെ അന്വേഷണവേളയില്‍ ബോധ്യമായതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ആര്‍ടിഐ കേരള ഫെഡറേഷനും അസോസിയേഷന്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്റ് റിസര്‍ച്ചും സംയുക്തമായാണു സെമിനാര്‍ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it