വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥനു കേസിന്റെ അടിസ്ഥാന വസ്തുതകള്‍ അറിയില്ലെന്നു വിമര്‍ശിച്ച കോടതി വിജിലന്‍സിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോടതിയെ സഹായിക്കാനായില്ലെന്നും ഉത്തരവില്‍ രേഖപ്പെടുത്തി. തുടര്‍ന്നു വിജിലന്‍സ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പകരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഇന്നലെ കോടതി അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നു സ്വീകരിച്ചു. എസ്എന്‍ഡിപി യോഗത്തിനു മൈക്രോ ഫിനാന്‍സ് പദ്ധതി നടത്താനുള്ള യോഗ്യതയില്ലെന്നും പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡി നജീബുമായി ഗൂഢാലോചന നടത്തി ഉള്‍പ്പെടുത്തുകയായിരുന്നെന്നും പിന്നീട് എസ്എന്‍ഡിപി യോഗം നേതാക്കള്‍ ഈ പണം ദുരുപയോഗം ചെയ്‌തെന്നും കാട്ടി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണു വിജിലന്‍സ് കേസെടുത്തിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നജീബാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി എന്നു മുതലാണു ക്രമക്കേടുകള്‍ തുടങ്ങിയതെന്ന് വിശദീകരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിരുന്നു. പണം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച് വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ഇന്നലെ കേസ് പരിഗണിച്ചയുടന്‍ കോടതി പറഞ്ഞു. പക്ഷേ, ഇതിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ വിജിലന്‍സിന് ആയില്ല. ഏതെങ്കിലും നിറത്തെ പിന്തുണയ്ക്കലല്ല പ്രോസിക്യൂട്ടറില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നു കോടതി വാക്കാല്‍ പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പണം വകമാറ്റിയത് സംബന്ധിച്ച രേഖകളാണു കോടതിക്കു കാണേണ്ടത്. പിന്നാക്ക വിഭാഗങ്ങളിലെ പാവങ്ങളെ സഹായിക്കലാണു പിന്നാക്ക വികസന കോര്‍പറേന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എസ്എന്‍ഡിപി. അതിനു വേണ്ട സഹായമാണു കോര്‍പറേഷന്‍ ചെയ്തത്. അതിനെ അഴിമതിയായി കാണുന്നത് എങ്ങനെയാണ്. ഒന്നര വര്‍ഷമായി നടക്കുന്ന അന്വേഷണത്തില്‍ വിജിലന്‍സിന് എന്തു തെളിവാണു ലഭിച്ചിരിക്കുന്നത്. എസ്എന്‍ഡിപി പണം ചെലവഴിച്ചതില്‍ എന്തെങ്കിലും ക്രമക്കേടുകളുണ്ടാവാം. പക്ഷേ, അതിന് കോര്‍പറേഷന്‍ എംഡി എന്താണ് ചെയ്യേണ്ടത്. ഈ കേസില്‍ കോര്‍പറേഷന്‍ എംഡിക്കെതിരേ അഴിമതിവിരുദ്ധ നിയമ പ്രകാരമുള്ള കേസ് നിലനില്‍ക്കുമോയെന്നുള്ള കാര്യം സംശയമാണ്. വിജിലന്‍സ് കോടതി ജഡ്ജി കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല. എന്നിട്ടും വിജിലന്‍സ് കേസെടുക്കുകയായിരുന്നു. അഴിമതിവിരുദ്ധ നിയമപ്രകാരമുള്ള കേസെടുക്കാന്‍ വേണ്ടി കോര്‍പറേഷന്‍ എംഡിയെ കൂടി ആരോപണ വിധേയമാക്കുകയായിരുന്നു എന്നു വേണം കരുതാന്‍. എസ്എന്‍ഡിപിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ചട്ടലംഘനമുണ്ട്. പക്ഷേ, അത് അഴിമതിയാണോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കോടതി ചോദ്യങ്ങളുന്നയിച്ചു. ഇതിനൊന്നും വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് ആയില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്‍കാനായില്ല. തുടര്‍ന്നാണ് വിജിലന്‍സിനും പ്രോസിക്യൂട്ടര്‍ക്കും എതിരേ കോടതി ഉത്തരവിറക്കിയത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം എന്‍ സോമന്‍, കെ കെ മഹേഷ്, പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡി നജീബ്, ഡോ. ദിലീപ് എന്നിവരാണു കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it