വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കല്‍; സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

കൊച്ചി: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനങ്ങളുടെ പരിധിയില്‍ സംസ്ഥാന പോലിസിനു കീഴിലെ വിജിലന്‍സ് വകുപ്പോ അതിനു കീഴിലെ ടി'വിഭാഗമോ വരില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കുന്നത് ചോദ്യം ചെയ്ത് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനു വേണ്ടി അഡ്വ. എ ജയശങ്കറും ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ജനുവരി 27നാണ് സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായത്. രഹസ്യാന്വേഷണവും സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിയമത്തിലെ 24(4) പ്രകാരം അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് അതീവ രഹസ്യ സ്വഭാവത്തിലുള്ളതെന്ന് വ്യാഖ്യാനിച്ച് വിജിലന്‍സ് അന്വേഷണത്തിലുള്ള'ടി വിഭാഗത്തില്‍പ്പെടുന്ന കേസുകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെങ്കിലും അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ ഈ ഇളവ് ബാധകമല്ലെന്ന് കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചു. അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെ വിവരങ്ങള്‍ തേടി അപേക്ഷ ലഭിച്ചാല്‍ സംസ്ഥാന വിവരാവകാശ കമീഷന്റെ അനുമതിയോടെ 45 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ.
ഈ സാഹചര്യത്തില്‍ വിജ്ഞാപനത്തിലൂടെ അതീവ രഹസ്യ സ്വഭാവത്തിലുള്ളതെന്ന് കണ്ടത്തെി ടി വിഭാഗത്തെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയാലും അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമപരിധിയില്‍ നിന്ന് പുറത്താവില്ല. അതിനാല്‍, പ്രഥമദൃഷ്ട്യാ ഹരജിക്കാരുടെ വാദം അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി.
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
തീരുമാനം സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും വേനലവധിക്ക് ശേഷം കേസ് പരിഗണിക്കാന്‍ മാറ്റിയതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര പരിഗണന വേണ്ടതില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടും നിയമത്തില്‍ ഇളവനുവദിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ പ്രകാരമുള്ള അപേക്ഷ നിരസിച്ച കാര്യം ഹരജിക്കാര്‍ വീണ്ടും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it