വിജിലന്‍സിനെ ഒഴിവാക്കിയ നടപടി: വിജ്ഞാപനം മന്ത്രിസഭായോഗം ഇന്നു പരിശോധിക്കും

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കി അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ഇന്നു മന്ത്രിസഭായോഗം പരിശോധിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് റിപോര്‍ട്ട് തേടിയതായി ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വിജിലന്‍സ് വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രത്യേക മന്ത്രിസഭായോഗത്തിലേക്ക് ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. വിഷയം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും മുഴുവന്‍ മന്ത്രിമാരും യോഗത്തില്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തില്‍ നിന്ന് എടുത്തുകളഞ്ഞുവെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നത്. ഉന്നതര്‍ക്കെതിരേ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണു നിര്‍ദേശിച്ചതെന്നും എന്നാല്‍, ഇതുസംബന്ധിച്ചു തെറ്റായ വ്യാഖ്യാനമാണു പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശേഖരിക്കുന്ന വിവരങ്ങള്‍ തുടരന്വേഷണത്തെ ബാധിക്കുന്നതായും ഉന്നതര്‍ക്കെതിരേ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് സഹായിക്കുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കാന്‍ സംവിധാനം വേണം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് നല്ല ഉദ്ദേശ്യത്തോടെയാണു വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it