വിജിലന്‍സിനെ ഒഴിവാക്കിയതിന് ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്നൊഴിവാക്കിയത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നതോടെ ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ച് നടത്തുന്ന വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് എടുത്തുകളഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അിറയിച്ചു. ഉന്നതര്‍ക്കെതിരേ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ 2009 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയും നിയമവകുപ്പ്, അഡ്വക്കറ്റ് ജനറല്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്ത ശേഷമാണ് വിജിലന്‍സിലെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്. തമിഴ്‌നാട് മാതൃക വിശദമായി പഠിച്ചശേഷം കൂടിയായിരുന്നു ഇതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന പോലിസിലെ ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ എട്ടു വിഭാഗങ്ങളെ 2006ല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വളരെ പ്രധാനപ്പെട്ട വിവിധതരം അന്വേഷണങ്ങളാണ് വിജിലന്‍സിന്റെ ടി ബ്രാഞ്ച് കൈകാര്യം ചെയ്യുന്നത്. കേസ് എടുക്കുന്നതിനു മുമ്പുള്ള അന്വേഷണങ്ങളാണ് ഈ വിഭാഗം നടത്തുന്നത്. പരാതിക്കാരുടെ വിവരങ്ങളോ അന്വേഷണ വിവരങ്ങളോ വെളിപ്പെടുത്തിയാല്‍ പരാതിക്കാരന്റെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നതിനാലാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടറുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ അനുമതി കൊടുത്തതെന്നും ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it