thrissur local

വിജയ സാധ്യതയില്ല; പി എം സാദിഖലി ഗുരുവായൂരില്‍ നിന്നു പിന്മാറുന്നു

വിജയ സാധ്യതയില്ല; പി എം സാദിഖലി ഗുരുവായൂരില്‍ നിന്നു പിന്മാറുന്നു
X
കെ എം അക്ബര്‍

ചാവക്കാട്: വിജയമുറപ്പില്ലെന്ന സാഹചര്യത്തെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയുടെ തീരുമാനം.
ഇതോടെ മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. സി എച്ച് റഷീദിനെ തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ ധാരണയായിരുന്നുവെങ്കിലും ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സാദിഖലിയുടെ പേരില്ലാതായതോടേയാണ് ഗുരുവായൂരില്‍ സാദിഖലി മല്‍സരിച്ചേക്കുമെന്ന പ്രചാരണം ശക്തമായത്.
ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച മുറുകുകയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിന് സീറ്റ് നല്‍കാത്തത് വ്യാപക ചര്‍ച്ചക്ക് ഇടവരുത്തുകയും ചെയ്തു. വിജയ പ്രതീക്ഷയുള്ള സീറ്റ് നല്‍കണമന്നായിരുന്നു നേരത്തെ യൂത്ത് ലീഗ് നേതൃത്വം ലീഗ് നേതാക്കളെ അറിയിച്ചിരുന്നത്.
sadiqaliഎന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച വിജയ പ്രതീക്ഷയുള്ള സീറ്റുകളില്‍ വനിതാ ലീഗ്, എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ക്കള്‍ക്ക് പുറമെ യൂത്ത് ലീഗിന്റെ നേതാക്കളും ഉള്‍പ്പെട്ടിരുന്നില്ല. ഇനി ഗുരുവായൂര്‍ അടക്കം നാലു മണ്ഡലങ്ങള്‍ മാത്രമാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.
പി എം സാദിഖലിയുടെ പിന്മാറ്റത്തോടെ യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ് സംസ്ഥാന നേതാക്കളാരും തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് കരുതുന്നത്. ഇതിനിടെ രണ്ടു തവണ തോല്‍വിയേറ്റു വാങ്ങിയ മണ്ഡലം മറ്റൊരു മണ്ഡലത്തിനു പകരം ലീഗ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുമെന്ന പ്രചാരണവുമുയര്‍ന്നു. എന്നാല്‍, മണ്ഡലത്തില്‍ പാര്‍ട്ടി തന്നെ മല്‍സരിക്കുമെന്നു ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് വ്യക്തമാക്കിയതോടെ വെച്ചുമാറല്‍ ചര്‍ച്ച വഴിമുട്ടി. 2006ല്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി എച്ച് റഷീദ് മല്‍സരിച്ചിരുന്നുവെങ്കിലും സിപിഎമ്മിലെ കെ വി അബ്ദുല്‍ ഖാദറിനോട് പരാജയപ്പെട്ടിരുന്നു.
പിന്നീട് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിലും റഷീദ് തന്നെ മല്‍സരിച്ചേക്കുമെന്ന് പ്രചാരണമുയര്‍ന്നെങ്കിലും മാരത്തോ ണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അഷ്‌റഫ് കോക്കൂരാണ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ അഷറഫ് കോക്കൂരിനും അബ്ദുല്‍ ഖാദറിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
രണ്ടു തവണ തോല്‍വി പിണഞ്ഞ മണ്ഡലം ഇത്തവണ സി എച്ച് റഷീദിന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം. തുടര്‍ച്ചയായി മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് സിപിഎമ്മിലെ കെ വി അബ്ദുല്‍ ഖാദറാണ്.
ഇതോടെ പത്തു വര്‍ഷം മുമ്പ് ഏറ്റുമുട്ടിയവര്‍ തന്നെ ഇത്തവണയും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുമെന്ന് ഉറപ്പായി. ഗുരുവായൂര്‍ സീറ്റില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it