kasaragod local

വിജയ പ്രതീക്ഷയില്‍ എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: സംസ്ഥാനത്ത് തന്നെ മുസ്‌ലിംലീഗിന്റെ ഉറച്ചകോട്ടയായ കാസര്‍കോട് ഇക്കുറി ശക്തമായ ത്രികോണ മല്‍സരമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആശങ്കയൊന്നുമില്ലാതെ വിജയ പ്രതീക്ഷയിലാണ് സിറ്റിങ് എംഎല്‍എ കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം സാങ്കേതിക തടസ്സത്തിന്റെ പേരിലാണ് പൂര്‍ത്തിയാവാത്തതെന്നും ഇതിന് വേണ്ടി നിരവധി തവണ ഉദ്യോഗസ്ഥരിലും സര്‍ക്കാറിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ മൂന്ന് ഘട്ടങ്ങളിലായി പര്യടനം പൂര്‍ത്തിയാക്കിയ ശേഷം അവസാനഘട്ട ഓട്ട പ്രദക്ഷിണത്തിലായിരുന്നു ഇന്നലെ എന്‍ എ നെല്ലിക്കുന്ന്.
കാസര്‍കോടിന് നല്ലൊരു മതേതര മനസ്സുണ്ടെന്നും അത് യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് കാര്യമായ വര്‍ഗീയ സംഘര്‍ഷം ഇല്ലാതിരുന്നത് സര്‍ക്കാറിന്റെ ആഭ്യന്തര നയത്തിന്റെ വിജയമാണ്. ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ പദ്ധതിയില്‍ നിന്നും തന്റെ മണ്ഡലത്തില്‍ എട്ട് കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.

[related]രാവിലെ ഫോര്‍ട്ട് റോഡില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. തായലങ്ങാടി, തെരുവത്ത്, പള്ളിക്കാല്‍, ദീനാര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വിദ്യാനഗര്‍ ചാല ഹോസ്റ്റലിലും ഐടിഐയിലും പോയി. തുടര്‍ന്ന് ഒരു തട്ടുകടയില്‍ നിന്നും കഞ്ഞി കഴിച്ച ശേഷം വിശ്രമില്ലാതെ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കായിരുന്നു സ്ഥാനാര്‍ഥി. നഗരത്തിലെ പ്രധാന കടകളിലൊക്കെ കയറി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. കേരള നിയമസഭയില്‍ കാസര്‍കോട് ജില്ലയില്‍ നിന്നൊരു എംഎല്‍എ എന്ന ബിജെപിയുടെ സ്വപ്‌നം പൂവണിഞ്ഞാല്‍ അത് ജില്ലയെ സാമൂഹിക സംഘര്‍ഷത്തിലേക്കായിരിക്കും നയിക്കുക എന്ന് നെല്ലിക്കുന്ന് ഓര്‍മ്മിപ്പപ്പെടുത്തുന്നു.
വലിയ ആഡംബരമൊന്നുമില്ലാതെ രണ്ടു മൂന്നുസുഹൃത്തുക്കള്‍ക്കൊപ്പംഇന്നോവയിലായിരുന്നു ഇന്നലത്തെ യാത്ര. യുഡിഎഫ് തീരുമാനിച്ച പര്യടന പരിപാടികളെല്ലാം അവസാനിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ സ്വന്തമായി വോട്ടുപിടിക്കാനിറങ്ങിയത്. കഴിഞ്ഞ തവണത്തേതിലും ഭൂരിപക്ഷം കൂടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം തേജസിനോട് പറഞ്ഞു. മണ്ഡലത്തെ കുറിച്ച് യാതൊരു പരിചയവുമില്ലാത്ത ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. എ എ അമീന്‍. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കുണ്ടാര്‍ രവീശ തന്ത്രിയും രാഷ്ട്രീയ രംഗത്ത് ജനങ്ങള്‍ കാണുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it