വിജയ് ഹസാരെ ട്രോഫി: ഗുജറാത്ത്-ഡല്‍ഹി ഫൈനല്‍

ആലൂര്‍/ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ഡല്‍ഹിയെ എതിരിടും. നാളെ ബംഗളൂരുവിലാണ് ഗുജറാത്ത്-ഡല്‍ഹി ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്.
ഒന്നാം സെമി ഫൈനലില്‍ ഡല്‍ഹി ഹിമാചല്‍ പ്രദേശിനെയും രണ്ടാം സെമിയില്‍ ഗുജറാത്ത് തമിഴ്‌നാടിനെയുമാണ് പരാജയപ്പെടുത്തിയത്. ഹിമാചലിനെതിരേ ആറു വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. എന്നാല്‍, 31 റണ്‍സിനാണ് ഗുജറാത്ത് തമിഴ്‌നാടിനെ തോല്‍പ്പിച്ചത്.
ആറു വിക്കറ്റെടുത്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ മാസ്മരിക ബൗളിങാണ് തമിഴ്‌നാടിനെതിരേ ഗുജറാത്തിന് ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 248 റണ്‍സെടുക്കുകയായിരുന്നു.
മന്‍പ്രീത് ജുനേജ (74) ചിരഗ് ഗാന്ധി (71) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്.
71 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ജുനേജ ഗുജറാത്തിന്റെ ടോപ്‌സ്‌കോററായത്. തമിഴ്‌നാടിനു വേണ്ടി ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടിയില്‍ ഓപണര്‍ അഭിനവ് മുകുന്ദ് (104*) സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും 47.3 ഓവറില്‍ 217 റണ്‍സിന് തമിഴ്‌നാട് ഓള്‍ഔട്ടാവുകയായിരുന്നു. 142 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് മുകുന്ദിന്റെ ഇന്നിങ്‌സ്. അക്ഷറാണ് മാന്‍ ഓഫ് ദി മാച്ച്.
അതേസമയം, ഗൗതം ഗംഭീറിന്റെ കീഴിലിറങ്ങിയ ഡല്‍ഹി ഹിമാചലിനെതിരേ ആധികാരിക ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഡല്‍ഹി 41.1 ഓവറില്‍ നാലു വിക്കറ്റിന് ലക്ഷ്യം കാണുകയായിരുന്നു.
പുറത്താവാതെ 80 റണ്‍സെടുത്ത ഉന്‍മുക്ത് ചാന്ദാണ് ഡല്‍ഹിക്ക് വിജയം അനായാസമാക്കി കൊടുത്തത്. 86 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ചാന്ദിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചാന്ദാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it