വിജയ് മല്യ, ലളിത് മോദി സുകളിലെ പരാജയം, കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിട്ട വിജയ് മല്യയെയും ലളിത് മോദിയെയും തിരികെയെത്തിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രിംകോടതിയുടെ ഉത്തരവുകളെ കുറിച്ചു സര്‍ക്കാരിനു ബോധ്യമില്ലേ എന്നും എന്താണ് നിങ്ങളുടെ നിലപാടെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇതുവരെ ഒന്നും ചെയ്തില്ലെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. കേസ് ഈ മാസം 15നു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിയെ കോടതിയില്‍ വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് മുന്നറിയിപ്പ് നല്‍കി. 2016ല്‍ സുപ്രിംകോടതിയുടെ അനുമതിയേടെ ബ്രിട്ടനിലേക്കു പോയ റിതിക അവാസ്തി എന്ന സംരംഭക തിരിച്ചുവരാത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് മല്യ, മോദി വിഷയത്തില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ പൊതുമേഖല ബാങ്കില്‍ നിന്നടക്കം വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തു രാജ്യംവിട്ട മദ്യവ്യവസായി മല്യയും ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയും നിലവില്‍ ലണ്ടനിലാണ് . രാജ്യത്തെ വിവിധ കോടതികളില്‍ വിചാരണ നേരിടുന്ന ഇരുവരെയും തിരികെ കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ്, സാമ്പത്തിക കുറ്റവാളികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനെയും മുതിര്‍ന്ന അഭിഭാഷക വി മോഹനയെയും നിശിതമായ ഭാഷയിലാണ് കോടതി ഇന്നലെ വിമര്‍ശിച്ചത്. ഇരുവരെയും തിരിച്ചുകൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലേയെന്നു ചോദിച്ച കോടതി, ചിലര്‍ രാജ്യം വിട്ട് ഓടിപ്പോയിട്ടും സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു. കഴിഞ്ഞ എട്ടുമാസമായി ഇക്കാര്യത്തില്‍ വിവിധ ഉത്തരവുകളാണ് കോടതി പുറപ്പെടുവിച്ചത്. അതൊക്കെയും നിങ്ങള്‍ അവഗണിച്ചു. ഈ വിഷയത്തിലെ നിങ്ങളുടെ നിലപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും ചെയ്യാത്തതെന്നും രണ്ടംഗ ബെഞ്ച് ചോദിച്ചു. വിഷയത്തില്‍ വ്യത്യസ്ത അഭിഭാഷകരാണ് പലപ്പോഴും ഹാജരാവുന്നത്. എന്താണ് കേസിലെ പുരോഗതിയെന്ന് അവര്‍ വ്യക്തമായി അറിയിക്കുന്നില്ല. വിദേശകാര്യമന്ത്രാലയ സെക്രട്ടറിയെ വിളിപ്പിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ ആലോചിക്കുന്നത്. സെക്രട്ടറി കോടതിയിലെത്തി വിശദീകരണം  നല്‍കേണ്ടിവരും. ഇനി അതുമാത്രമാണ് ഞങ്ങളുടെ മുമ്പിലുള്ള ഏകമാര്‍ഗമെന്നും കോടതി പറഞ്ഞു. അതേസമയം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരേ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. ഇക്കാര്യത്തില്‍ ഉചിതമായ നടപടിക്രമം പിന്തുടരാന്‍ നിര്‍ദേശിച്ചാണ്  ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്. കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഹരജി നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it