വിജയ് മല്യ പ്രശ്‌നം എത്തിക്‌സ് കമ്മിറ്റിക്ക്

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക വരുത്തി നാടുവിട്ട മദ്യ രാജാവും രാജ്യസഭാംഗവുമായ വിജയ് മല്യയുടെ പ്രശ്‌നം രാജ്യസഭ എത്തിക്‌സ് കമ്മിറ്റി (ധാര്‍മിക സമിതി) യുടെ പരിഗണനയ്ക്ക് വിട്ടു. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ് അധ്യക്ഷനായ സമിതിക്ക് വിട്ടത്.
പത്തംഗ സമിതിയില്‍ കരണ്‍ സിങിനു പുറമെ സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി), ശരദ് യാദവ്(ജെഡിയു), സീതാറാം യെച്ചൂരി(സിപിഐഎം), മുകുല്‍ റോയ്(തൃണമൂല്‍ കോണ്‍ഗ്രസ്), നീരജ് ശേഖര്‍ (സമാജ് വാദി പാര്‍ട്ടി), നവനീത കൃഷ്ണന്‍ (അണ്ണാ ഡിഎംകെ), ദേവേന്ദ്ര ഗൗഡ (ടിഡിപി) എന്നിവരാണുള്ളത്. സമിതിയില്‍ ഒരംഗത്തിന്റെ ഒഴിവുണ്ട്. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായി ചുടുപിടിക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി, ജെഡിയു പ്രസിഡന്റ് ശരത് യാദവ് തുടങ്ങിയവരാണ് മല്യക്കെതിരേ നോട്ടീസ് നല്‍കിയത്.
ബിജെപി രാജ്യസഭ എംപിയായ വിജയ് മല്യയേയും ഐപിഎല്‍ മേധാവി ലളിത് മോദിയേയും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ ഈ ആവശ്യമുന്നയിച്ചവര്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി. മല്യ കോണ്‍ഗ്രസ്സുകാരനായിരുന്നുവെന്നും അദ്ദേഹത്തിന് 31,000 കോടി രൂപയുടെ വായ്പയെടുക്കാന്‍ അനുവദിച്ചത് യുപിഎ സര്‍ക്കാരായിരുന്നെന്നും ബിജെപി അംഗങ്ങള്‍ തിരിച്ചടിച്ചു.
അതിനിടെ വിജയ് മല്യക്കെതിരേ എല്ലാ പഴുതുകളുമടച്ചു കേസെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ ഏജന്‍സിക്കും 17 ബാങ്കുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കത്തെഴുതി.
Next Story

RELATED STORIES

Share it