വിജയ് മല്യ കേസ്: ഇഡിയില്‍ നിന്ന് ഇന്റര്‍പോള്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: വിജയ് മല്യക്കെതിരായ കള്ളപ്പണം വെളുപ്പിച്ച കേസിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി)ല്‍ നിന്ന് ഇന്റര്‍പോള്‍ ആരാഞ്ഞു. മല്ല്യക്കെതിരേ ആഗോള അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിശദാംശങ്ങള്‍ ആരാഞ്ഞത്.കേസില്‍ ഇഡി സ്വീകരിച്ച നിയമനടപടികളുടെ വിശദവിവരണങ്ങളാണ് ആരാഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. മല്ല്യക്കെതിരേ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇഡി ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ചിരുന്നുന്നു. ലളിത് മോദിക്കെതിരായ കേസുകളില്‍ ഉള്‍പ്പെടെ ഇത്തരം വിശദാംശങ്ങള്‍ ഇന്റര്‍പോള്‍ ആരാഞ്ഞിരുന്നുവെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
ഇന്റര്‍പോളിന് തൃപ്തികരമായ രീതിയില്‍ മറുപടി നല്‍കാനാവുമെന്നാണ് ഇഡി കരുതുന്നത്. മല്യക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ മാസമാണ് ഇഡി ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ചത്. മല്ല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രിട്ടനിലേക്കു കടന്നത് മാര്‍ച്ച് രണ്ടിനാണ്.
9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്കു മുങ്ങിയെന്നാണ് മല്ല്യക്കെതിരായ കേസ്. തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ പിടികിട്ടാപ്പുള്ളി ലോകത്തെവിടെയാണെങ്കിലും അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന് അഭ്യര്‍ഥിക്കാനാവും. മല്ല്യയെ പുറത്താക്കാനാവില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയതാണ്. മല്ല്യയെ വിട്ടുകിട്ടാന്‍ അഭ്യര്‍ഥിക്കാനാണ് ബ്രിട്ടന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it