വിജയ് മല്യക്ക് ജാമ്യം നിന്നത് മന്‍മോഹന്‍ സിങ്!

ലഖ്‌നോ: കോടികളുടെ വായ്പയെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് മുംബൈ ബാങ്കില്‍ ജാമ്യം നിന്നത് മന്‍മോഹന്‍സിങ്. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലുള്ള ഖജുരിയ-നിബിരാം സ്വദേശി ഗ്രാമീണ കര്‍ഷകനായ മന്‍മോഹന്‍ സിങിന്റെ ബാങ്ക് ഓഫ് ബറോഡയിലെ രണ്ട് അക്കൗണ്ടുകളും മുംബൈ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മരവിപ്പിച്ചു. നടപടിയുടെ കാരണം ചോദിച്ചെത്തിയ മന്‍മോഹന്‍ സിങ്, താങ്കള്‍ കോടികള്‍ വായ്പയെടുക്കുന്നതിന് വിജയ് മല്യക്കു വേണ്ടി ജാമ്യംനിന്ന വ്യക്തിയാണെന്ന് നന്ത്ഗാവ് ബ്രാഞ്ച് മാനേജര്‍ പറഞ്ഞതുകേട്ടു ഞെട്ടിപ്പോയി.
എട്ട് ഏക്കര്‍ കൃഷിഭൂമിയുള്ള മന്‍മോഹന്‍സിങിന് നന്ത്ഗാവ് ബ്രാഞ്ചിലാണ് അക്കൗണ്ട്. ഇതിനു പുറമെ കൃഷിയാവശ്യത്തിന് നാലു ലക്ഷം രൂപ കടമെടുത്തതിന് മറ്റൊരു അക്കൗണ്ട് കൂടിയുണ്ട്. രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം പ്രാദേശിക ബ്രാഞ്ചിലെത്തി മാനേജരെ കണ്ടത്. 9000 കോടി രൂപയിലധികം വിവിധ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് ലണ്ടനിലേക്കു മുങ്ങിയ വിജയ് മല്യയെക്കുറിച്ച് ഈയടുത്താണ് മന്‍മോഹന്‍സിങ് കേള്‍ക്കുന്നതുതന്നെ. പത്രങ്ങളുടെ ആദ്യ പേജില്‍ ചിത്രംസഹിതം വാര്‍ത്തകള്‍ കണ്ടതല്ലാതെ മല്യയെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, മന്‍മോഹന്‍സിങ് ഇതേവരെ മുംബൈയില്‍ പോയിട്ടുമില്ല.
തന്റെ പരാധീനതകള്‍ വിവരിച്ചപ്പോള്‍ നന്ത്ഗാവ് ബ്രാഞ്ച് മാനേജര്‍ രണ്ട് അക്കൗണ്ടുകളും പരിശോധിച്ച് മുംബൈ ഓഫിസിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായത്.
മന്‍മോഹന്‍സിങ് എങ്ങനെയാണ് മല്യക്ക് ജാമ്യം നില്‍ക്കുന്ന സാഹചര്യമുണ്ടായതെന്നറിയാന്‍ ബാങ്ക് ഓഫ് ബറോഡയുടെ മുംബൈ ഓഫിസുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. വിജയ് മല്യയുടെ ജാമ്യക്കാരാനായി ഗ്രാമീണ കര്‍ഷകന്റെ പേരു വന്നത് ആശ്ചര്യകരമാണെന്ന് നന്ത്ഗാവ് ബ്രാഞ്ച് മാനേജര്‍ മാന്‍ഗിറാം പറഞ്ഞു.
Next Story

RELATED STORIES

Share it