ernakulam local

വിജയിച്ച ബിജെപി നേതാവിന് സ്വീകരണം നല്‍കുന്നതിനെതിരേ ആര്‍എസ്എസ്

മട്ടാഞ്ചേരി: കൊച്ചി നഗരസഭ ഏഴാം ഡിവിഷനില്‍ നിന്നും വിജയിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്യാമള പ്രഭുവിനെതിരേ ആര്‍എസ്എസ്. ജയിച്ചിട്ടും ഇവര്‍ക്ക് സ്വീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവര്‍ത്തകര്‍. ചെറളായി ജങ്ഷനിലാണ് ആദ്യം സ്വീകരണം നല്‍കാന്‍ ഒരുങ്ങിയത്.
എതിര്‍പ്പിനെ തുടര്‍ന്ന് അമരാവതി സിസിഎ ഹാളിലേക്ക് സ്വീകരണം മാറ്റി. എന്നാല്‍ ഹാളില്‍ കയറി തല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് അതും മാറ്റി വച്ചിരിക്കുകയാണ്. തിങ്കളാഴ്ച സ്വീകരണം കൊടുക്കാമെന്ന നിലപാടിലാണ് നിലവില്‍ പ്രവര്‍ത്തകര്‍. ആര്‍എസ്എസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ 407 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്യാമള പ്രഭു തോല്‍പ്പിച്ചതാണ് ആര്‍എസ്എസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്.
നിലവിലെ ഡിവിഷനില്‍ നിന്നും മാറി സമീപത്തെ 4, 8 ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കണമെന്ന ആര്‍എസ്എസ്സിന്റെ നിര്‍ദേശം അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തര്‍ക്കത്തെ തുടര്‍ന്ന് മുന്ന് തവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നതിനെ തുടര്‍ന്ന് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ആരായാലും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാനാണ് ധാരണയായത്.
എന്നാല്‍ പിന്നിട് നിലപാടില്‍ നിന്നും മാറി ഗായത്രി ഭട്ടിനെ സ്ഥാനാര്‍ഥിയാക്കി ശ്യാമള പ്രഭുവിനെതിരേ മല്‍സരിപ്പിക്കുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ശ്യാമള പ്രഭുവിനെതിരേ ശക്തമായി എതിര്‍ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ ഡിവിഷന്‍ വര്‍ക്കുകളും മറ്റു യോഗങ്ങളും തടയാനാണ് ചെറളായിയിലെ വീട്ടിലെ മട്ടുപ്പാവില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
മുരളിധരന്‍ ഗ്രൂപ്പില്‍പ്പെട്ട ശ്യാമള പ്രഭുവിനെതിരേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എ എന്‍ രാധാകൃഷ്ണനാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ശ്യാമള പ്രഭു യോഗങ്ങളില്‍, രാധാകൃഷ്ണനെ വിമര്‍ശിക്കുന്നത് പതിവാണ്. മട്ടാഞ്ചേരിയില്‍ നിന്നും അപ്രതക്ഷ്യനായ വാമനപ്രഭുവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ശ്യാമള പ്രഭു പക്ഷക്കാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it