Editorial

വിജയിച്ചവരുടെ പരിഗണനയ്ക്ക്

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലെ വിജയികള്‍ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകള്‍ക്ക് വീറും വാശിയും കൂടും. എന്നാല്‍, മല്‍സരങ്ങളും സൗഹൃദമല്‍സരങ്ങളും കഴിഞ്ഞു വിവിധ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ ബാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പഞ്ചായത്തീരാജ് സംവിധാനം വന്ന ശേഷം സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തില്‍ ഏതാണ്ട് 35 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. പ്രാദേശിക വികസനത്തിന്റെ നല്ല മാതൃകകള്‍ രചിക്കാന്‍ കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ജില്ല-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ബാധ്യതയുണ്ട്. അതത് പ്രദേശങ്ങളുടെ ആവശ്യാനുസൃതം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷേ, ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും കേവലം ആരോപണ-പ്രത്യാരോപണകേന്ദ്രങ്ങളായി മാറുന്നുവെന്നതാണ് ദുഃഖസത്യം.
കേരളത്തിലെ കോര്‍പറേഷനുകള്‍ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമാണ് പേരെടുത്തിരിക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയിനങ്ങളില്‍ ചെലവഴിച്ച തുകയും സാമ്പത്തിക വര്‍ഷാവസാനം ചെലവഴിക്കാതെ അവശേഷിക്കുന്ന തുകയുടെ കണക്കുകളും മറ്റും ഇന്നു രഹസ്യമല്ല.
തദ്ദേശസ്ഥാപന ഭരണസമിതികളുടെ ചുമതലയില്‍ വരുന്നത് സാധാരണ പൗരന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. താരതമ്യേന ചെറുതെങ്കിലും ഈ പ്രശ്‌നങ്ങള്‍ ലഘുവല്ല. കുടിവെള്ളം, മലിനീകരണം, മാലിന്യ നിര്‍മാര്‍ജനവും സംസ്‌കരണവും, യാത്രാസൗകര്യം, താമസസൗകര്യം തുടങ്ങി തെരുവുനായശല്യം വരെ ശ്രദ്ധ പതിയേണ്ട നിരവധി മേഖലകളുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി ജില്ലാ ഭരണാധികാരികള്‍ കോര്‍പറേഷനുകളുടെ ചുമതല ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങളായി പല കാരണങ്ങളാലും വ്യക്തമായ തീരുമാനമെടുക്കാതെ അവശേഷിച്ച പല കാര്യങ്ങളിലും അടിയന്തര പ്രാധാന്യത്തോടെ നടപടികളുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഏറെ മാസങ്ങളായിട്ടും വൈദ്യുതി ലഭിക്കാതെ നിര്‍ജീവമായിരുന്ന കോഴിക്കോട്ടെ ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വൈദ്യുതിയെത്തിയ സംഭവം ഉദാഹരണം. ഭരണസമിതികളുടെ അനാസ്ഥയാണോ അതല്ല, ജനകീയ ഭരണത്തിനു മുന്നില്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും തടസ്സങ്ങള്‍ തീര്‍ക്കുന്നവര്‍ 'താടിയുള്ളപ്പനെ' കാണുമ്പോള്‍ പേടിക്കുകയാണോ എന്ന സംശയം അവശേഷിക്കുന്നു.
അധികാര വികേന്ദ്രീകരണത്തിന്റെ ഗുണഫലങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ഇനിയും സാധാരണ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടില്ലെന്നു ചുരുക്കം. ഒരുവശത്ത് അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നില്ല. മറുവശത്ത് അത്തരം ശ്രമങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നതിനും തടയിടുന്നതിനും ബ്യൂറോക്രസിയുടെ നീക്കം ശക്തമാണ്.
Next Story

RELATED STORIES

Share it