വിജയാ ബാങ്ക് കവര്‍ച്ച: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാ ബാങ്കില്‍നിന്ന് 20 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ന്ന കേസിലെ സൂത്രധാരനടക്കം നാലു പ്രതികള്‍ അറസ്റ്റില്‍. മുഖ്യപ്രതി ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് നാലാംമൈലില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ്(32), കുടക് സ്വദേശി സുലൈമാന്‍(43), കാഞ്ഞങ്ങാട് ബല്ല സ്വദേശി മുബഷീര്‍(21), ചെങ്കള നാലാംമൈല്‍ സ്വദേശി മനാഫ്(30) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കില്‍നിന്നു കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തതായി ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 8.7 കിലോ സ്വര്‍ണം ചെര്‍ക്കള ബേര്‍ക്കയിലെ മൂസഹാജിയുടെ വീടിനു പിന്നിലുള്ള പൊട്ടക്കിണറ്റില്‍നിന്നും ബാക്കി സ്വര്‍ണം ഇന്നലെ രാവിലെ ചെങ്കള ചേരൂര്‍ക്കടവിലെ ഒരു വീടിന്റെ തട്ടിന്‍പുറത്തുനിന്നുമാണ് കണ്ടെടുത്തത്.

കേസില്‍ ഏഴു പ്രതികളാണുള്ളത്. രണ്ടുപേര്‍ കൂടി പോലിസ് വലയിലായിട്ടുണ്ട്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഇടുക്കി സ്വദേശി രാജേഷ് മുരളിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 28നു രാവിലെ ബാങ്കില്‍ ജീവനക്കാരെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. 27നാണ് കവര്‍ച്ച നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി. 26നു രാവിലെ 11.30ഓടെ കവര്‍ച്ച നടത്താന്‍ ബാങ്കില്‍ കയറിയപ്പോള്‍ സുരക്ഷാ അലാറം മുഴങ്ങിയതോടെ പ്രതികള്‍ ഉദ്യമം ഉപേക്ഷിച്ചു മടങ്ങിപ്പോയി. പിന്നീട് അന്നേദിവസം രാത്രി അലാറം വയര്‍ വിച്ഛേദിക്കുകയും 27നു രാവിലെ കവര്‍ച്ച നടത്തുകയുമായിരുന്നു.

മൂന്നുമാസം മുമ്പുതന്നെ മുഖ്യപ്രതിയായ അബ്ദുല്‍ ലത്തീഫ് കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നു.  ഇതിനുവേണ്ടി കുടക് സ്വദേശിയായ സുലൈമാനെ ഉപയോഗിച്ച് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ആറു മുറികള്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു. സമീപത്തെ ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന്റെ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്നു ജില്ലാ പോലിസ് മേധാവി പറഞ്ഞു. കോഴിക്കോട്, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍, ദക്ഷിണ കന്നഡ എ.ഡി.ജി.പി. എന്നിവരുടെ ഇടപെടലും പ്രതികളെ പിടികൂടുന്നതിനു സഹായകമായി.
Next Story

RELATED STORIES

Share it