Sports

വിജയവഴിയില്‍ വീണ്ടും റയല്‍

എയ്ബര്‍: എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണയോടേറ്റ നാണം കെട്ട തോല്‍വി ഇനി തല്‍ക്കാലം റയല്‍ മാഡ്രിഡിനു  മറക്കാം. ഷാക്തറിനെതിരായ ജയത്തിനു പിന്നാലെ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ഗരത് ബെയ്‌ലിന്റേയും സൂപ്പര്‍ ഗോളില്‍ എയ്ബറിനെയാണ് റയല്‍ കീഴടക്കിയത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
43ാം മിനിറ്റില്‍  ലൂക്ക മോഡ്രിക്കില്‍ നിന്നും പാസ് സ്വീകരിച്ച്   റോഡ്രിഗസ് ബെയ്‌ലിനു ക്രോസ് നല്‍കി. ബോക്‌സിനു മുന്നില്‍ ഉയര്‍ന്നു ചാടി തല വച്ച ബെയ്‌ലിനു പിഴച്ചില്ല.    ഈ സീസണിലെ ബെയ്‌ലിന്റെ മൂന്നാം ലാ ലീഗ ഗോള്‍ കൂടിയായിരുന്നു ഇത്. ആഗസ്തിനുശേഷം ആദ്യമായാണ് ബെയ്ല്‍ ഗോള്‍ നേടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ലീഡുയര്‍ത്താനുള്ള ഒരു സുവര്‍ണാവസരം ബെയ്‌ലിന് ലഭിച്ചെങ്കിലും ഷോട്ട് മനോഹരമായി ഗോളി റിയെസ്‌ഗോ തടഞ്ഞിട്ടു.
നിരവധി അവസരങ്ങള്‍ കളഞ്ഞു കുളിച്ച ശേഷമായിരുന്നു റയലിന്റെ ലീഡുയര്‍ത്തിയ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോള്‍ പിറന്നത്. രണ്ട് പകുതികളിലും ക്രിസ്റ്റിയാനോ ഒരോ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയിരുന്നു. 82-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ലൂക്കാസ് വാസ്‌കസിനെ ബോക്‌സില്‍ വീഴ്ത്തിയതിനു റഫറി പെനല്‍റ്റി അനുവദിച്ചു. അതിനു മുമ്പായി  ഡേവിഡ് ജുന്‍ക ബോക്‌സില്‍ വീഴ്ത്തിയതിന് ഒരു പെനാല്‍റ്റിക്കുവേണ്ടി റൊണാള്‍ഡോ വാദിച്ചെങ്കിലും റഫറി ജീസസ് ഗില്‍ അനുവദിച്ചിരുന്നില്ല. റൊണാള്‍ഡോയുടെ ഉഗ്രന്‍ ഷോട്ട് ഗോള്‍പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി.
എയ്ബറിനെ തോല്‍പ്പിക്കാനായെങ്കിലും ദുര്‍ബലരായ ടീമിനോട് രണ്ടു ഗോള്‍ മാര്‍ജിനില്‍ മാത്രം ജയിച്ചു കയറിയത് റയല്‍ ആരാധകരേയും നിരാശരാക്കിയിട്ടുണ്ട്. സെവിയ്യ, ബാഴ്‌സലോണ ടീമുകളോട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ശേഷമായിരുന്നു റയലിന്റെ വിജയം.  ലീഗില്‍ മുന്‍പില്‍ നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് ആറുപോയിന്റ് പിന്നിലാണ് റയലിപ്പോഴുള്ളത്. 13 മല്‍സരങ്ങളില്‍ നിന്നും ബാഴ്‌സക്ക് 33 പോയിന്റാണുള്ളത്. ജയത്തോടെ പതിമൂന്ന് കളികളില്‍ നിന്ന് റയലിന് 27 പോയിന്റാണുള്ളത്. 29 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 20 പോയിന്റുള്ള എയ്ബര്‍ എട്ടാം സ്ഥാനത്താണ്. സ്വന്തം തട്ടകത്തിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ എയ്ബര്‍ വഴങ്ങുന്ന ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇത്.
Next Story

RELATED STORIES

Share it