ernakulam local

വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കരുന്നുകള്‍



കൊച്ചി: അറിവിന്റെ ലോകത്തില്‍ ഗുരുക്കന്മാരുടെ കൈപിടിച്ച് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. വിജയദശമി നാളില്‍ ജില്ലയില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മധുരം നുകര്‍ന്നു. വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വിവിധ വിദ്യാലയങ്ങളില്‍ വിദ്യാരംഭത്തിനായി നിരവധി കുരുന്നുകളാണ് ഇന്നലെ രാവിലെ മുതല്‍ എത്തിയത്.കടവന്ത്ര മട്ടലില്‍ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭചടങ്ങുകള്‍ക്ക് ക്ഷേത്രം ശാന്തി ശ്രീരാജ് നേതൃത്വം നല്‍കി. എറണാകുളം അയ്യപ്പന്‍ കോവിലിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ സരസ്വതി ദേവിയ്ക്ക് പ്രത്യേക പൂജകളും പ്രത്യേകമൊരുക്കിയ സരസ്വതി മണ്ഡപത്തില്‍ സമൂഹ വിദ്യാരംഭവും നടത്തി. ഇടപ്പള്ളി മാതാ അമൃതാനന്ദമയി മഠത്തില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ വിജയദശമി ആഘോഷിച്ചു. രാവിലെ അര്‍ച്ചനയ്ക്ക് ശേഷം പൂജയെടുപ്പും വിദ്യാരംഭവും നടന്നു.ചിന്മയാ മിഷന്റെ ആഭിമുഖ്യത്തില്‍ നെട്ടേപ്പാടം സത്സംഗ മന്ദിരത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് സ്വാമി നിത്യാനന്ദ സരസ്വതി നേതൃത്വം നല്‍കി. ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭം നടന്നു. വൈകീട്ട് നടന്ന വിജയദശമി സമ്മേളനം വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. പി ജി അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. തച്ചപ്പുഴ ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയ പ്രകാശ് ശര്‍മ്മ കാര്‍മ്മികത്വം വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സാരസ്വത മന്ത്രാര്‍ച്ചന നടത്തി. തൃക്കാക്കര ശ്രീ പൊന്നുക്കുടം ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പും അക്ഷരശ്ലേക അരങ്ങേറ്റം നടന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിലും ഇന്നലെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.ചോറ്റാനിക്കര: ദേവീക്ഷേത്രത്തില്‍ വിജയദശമി ദിനമായ ഇന്നലെ ആദ്യാക്ഷരം കുറിക്കുവാന്‍ കുട്ടികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. രാവിലെ നാലിന് നിര്‍മാല്യദര്‍ശനത്തിനായി നട തുറന്നപ്പോള്‍തന്നെ വിദ്യാരംഭത്തിനുള്ള ക്യൂ രൂപപ്പെട്ടിരുന്നു. സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതിപൂജ കഴിഞ്ഞ് പൂജയെടുപ്പിന് ശേഷം കീഴ്ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ 13ല്‍പരം വൈദികശ്രേഷ്്ഠന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. 1500ല്‍പരം കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുന്നതിന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. എഴുത്തിനിരുത്തിയ കുട്ടികള്‍ക്ക് സ്ലേറ്റ്, പുസ്തകം, ബിസ്‌കറ്റ്, പഴം, സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം എന്നിവ നല്‍കിയിരുന്നു. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വിപുലമായ സജ്ജീകരണങ്ങള്‍ ദേവസ്വവും ഉപദേശകസമിതിയും ചേര്‍ന്ന് ഒരുക്കിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍, മാനേജര്‍ ബിജു ആര്‍ പിള്ള, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍  ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it