വിജയത്തോടെ തുടങ്ങാന്‍ കൊല്‍ക്കത്തയും ഡല്‍ഹിയും

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എതിരിടും. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ രാത്രി എട്ടിനാണ് മല്‍സരം.
ഏറെക്കാലം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ താരങ്ങളായിരുന്നു ഇരു ടീമിന്റേയും ക്യാപ്റ്റന്‍മാര്‍. ബാറ്റിങില്‍ ഗൗതം ഗംഭീറും ബൗളിങില്‍ സഹീര്‍ ഖാനും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയവരാണ്. സഹീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞിട്ടുണ്ടെങ്കില്‍ ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്ന താരമാണ് 34 കാരനായ ഗംഭീര്‍.
ഈ സീസണില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഗംഭീര്‍. രണ്ട് തവണ ഐപിഎല്ലില്‍ ജേതാക്കളായ ടീമാണ് കൊല്‍ക്കത്ത. രണ്ട് തവണയും ഗംഭീറിനു കീഴിലാണ് കൊല്‍ക്കത്ത കിരീടം ചൂടിയത്. 2012, 2014 സീസണുകളിലായിരുന്നു കൊല്‍ക്കത്തയുടെ കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊല്‍ക്കത്ത ഇത്തവണ മൂന്നാം കിരീടം ലക്ഷ്യംവച്ചാണ് അങ്കത്തട്ടിലിറങ്ങുന്നത്.
ട്വന്റി ക്രിക്കറ്റിന് അനുയോജ്യരായ ഒരുപറ്റം താരങ്ങള്‍ കൊല്‍ക്കത്തന്‍ ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ ട്വന്റി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക വങ്കുവഹിച്ച ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്തന്‍ ടീമിലെ ശ്രദ്ധേയ താരമാണ്. ക്യാപ്റ്റനൊപ്പം മികച്ച ഇന്നിങ്‌സിലൂടെ മല്‍സരഗതി മാറ്റാന്‍ ഗംഭീറിന് പ്രത്യേക കഴിവാണുള്ളത്.
യൂസുഫ് പഠാന്‍, സുനില്‍ നരെയ്ന്‍, സാക്വിബുല്‍ ഹസ്സന്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്, മോര്‍നെ മോര്‍ക്കല്‍, ജേസന്‍ ഹോള്‍ഡര്‍, ബ്രാഡ് ഹോഗ്, പിയൂഷ് ചൗള എന്നീ മികച്ച താരങ്ങളാല്‍ സമ്പന്നാണ് കൊല്‍ക്കത്ത. മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍.
അതേസമയം, ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഐപിഎല്ലിന്റെ ആദ്യ രണ്ട് സീസണുകളില്‍ മികച്ച മുന്നേറ്റം നടത്തിയ ഡല്‍ഹി പിന്നീട് പിറകോട്ട് പോവുന്ന കാഴ്ചയാണ് കാണാനായത്. അവസാന മൂന്ന് സീസണുകളിലും ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ക്ക് പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഒമ്പത്, എട്ട്, ഏഴ് എന്നീ യഥാക്രമ സ്ഥാനങ്ങളിലേക്ക് ഡല്‍ഹി പിന്തള്ളപ്പെടുകയും ചെയ്തു.
രണ്ട് തവണ മൂന്നാം സ്ഥാനക്കാരായതാണ് ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഏറ്റവും മികച്ച മുന്നേറ്റം. 2009, 2012 സീസണുകളിലായിരുന്നു ഇത്. ഇത്തവണ പുതിയ ക്യാപ്റ്റനായ വെറ്ററന്‍ പേസര്‍ സഹീറിനു കീഴില്‍ മികച്ച മുന്നേറ്റം നടത്താനുള്ള കഠിന തയ്യാറെടുപ്പിലാണ് ഡല്‍ഹി. ഒരൊറ്റ ഇന്നിങ്‌സിലൂടെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനായ കാര്‍ലോസ് ബ്രാത് വെയ്‌റ്റെന്ന വെടിക്കെട്ട് വീരന്‍ ഡല്‍ഹിയിലും അവിസ്മരണീയ പ്രകടനം നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ഡല്‍ഹി ആരാധകര്‍.
സമാപിച്ച ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ നേടി വിന്‍ഡീസിന് രണ്ടാം ലോക കിരീടം നേടിക്കൊടുത്തത് ബ്രാത്‌വെയ്റ്റായിരുന്നു. ഈ ഇന്നിങ്‌സ് എതിരാളികളായ ബൗളര്‍മാര്‍ക്കെല്ലാം ബ്രാത്‌വെയ്റ്റിന്റെ മുന്നറിയിപ്പാണ്. കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരോദയമായി വിലയിരുത്തപ്പെടുന്ന കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ്കീപ്പറുമായ സഞ്ജു വി സാംസണും ഡല്‍ഹിക്ക് കരുത്തേകാനെത്തുന്നുണ്ട്.
ഐപിഎല്ലില്‍ സഞ്ജുവിന്റെ മൂന്നാമത്തെ ടീമാണിത്. നേരത്തെ കൊല്‍ക്കത്തയിലൂടെ ഐപിഎല്ലിലെത്തിയ സഞ്ജു രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധേയനാവുന്നത്. രാജസ്ഥാന് വേണ്ടി മൂന്നു സീസണുകളിലും ഉജ്ജ്വല പ്രകടനം നടത്താന്‍ 21 കാരനായ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ 4.2 കോടി വാരിയെറിഞ്ഞ തന്നെ ടീമിലെത്തിച്ച ഡല്‍ഹിക്കു വേണ്ടി കരിയറിലെ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.
ഇവര്‍ക്കു പുറമേ ക്വിന്റണ്‍ ഡികോക്ക്, ജെപി ഡുമിനി, ക്രിസ് മോറിസ്, കരുണ്‍ നായര്‍, മുഹമ്മദ് ഷമി, ഇംറാന്‍ താഹിര്‍, അമിത് മിശ്ര എന്നീ പരിചയസമ്പന്നരായ താരങ്ങളും ഡല്‍ഹി നിരയില്‍ അണിനിരയ്ക്കും. ടീമിന്റെ ഉപദേശകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ഡല്‍ഹി സംഘത്തിനൊപ്പമുണ്ട്.
Next Story

RELATED STORIES

Share it