വിജയക്കൊടി നാട്ടിയതു ബിജെപി; വോട്ട് വിഹിതം കൂടുതല്‍ കോണ്‍ഗ്രസ്സിന്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ക്കിടയിലും കോണ്‍ഗ്രസ്സിന് ആശ്വാസമായി വോട്ടിങ് ശതമാനം. ആദ്യ കണക്കുകള്‍ പ്രകാരം മൂന്നര കോടി കന്നട വോട്ടുകളില്‍ നിന്നായി കോണ്‍ഗ്രസ്സിന് 38 ശതമാനം വോട്ട് വിഹിതമുണ്ട്. എന്നാല്‍, ബിജെപിക്ക് 36.2 ശതമാനം വോട്ടുകളേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 16 ശതമാനം അധികം വോട്ട് വിഹിതമുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതത്തിന് ഒപ്പമെത്താന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
36.2 ശതമാനം വോട്ട് വിഹിതം കൊണ്ടു ബിജെപി 104 സീറ്റുകള്‍ നേടിയപ്പോള്‍ 38 ശതമാനം വോട്ട് വിഹിതം കിട്ടിയ കോണ്‍ഗ്രസ്സിന് 78 സീറ്റുകളെ നേടാനായുള്ളൂ. കേവലം 18.4 ശതമാനം വോട്ട് വിഹിതം മാത്രം നേടിയ ജെഡിഎസ് 37 സീറ്റുകള്‍ നേടുകയും ചെയ്തു.
നാലു ശതമാനം വോട്ടോടെ ഐന്‍ഡി നാലാം സ്ഥാനത്തുണ്ട്. നോട്ട കര്‍ണാടകയില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. അതേസമയം ഈ നേട്ടം മാത്രമാണു തല്‍ക്കാലം കോണ്‍ഗ്രസ്സിന് അഭിമാനിക്കാനുള്ളത്. മറുവശത്ത് ബിജെപി 2013ല്‍ തോറ്റ മണ്ഡലങ്ങള്‍ പോലും തിരിച്ചുപിടിച്ചു. തീരദേശ കര്‍ണാടകയും മലനാട് മേഖലയുമാണ് ഇതില്‍ പ്രധാനം.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 36.6 ശതമാനം വോട്ടുകളായിരുന്നു കോണ്‍ഗ്രസ്സിന് ലഭിച്ചത്. അതില്‍ നിന്ന് 1.7 ശതമാനം വോട്ട് വിഹിതം അധികം ലഭിച്ചിട്ടുണ്ടെങ്കിലും 122 സീറ്റുകള്‍ എന്നത് 78 ആയി കുറഞ്ഞു. 2013ല്‍ 19.9 ശതമാനം വോട്ട് വിഹിതവുമായി മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി വന്‍ തിരിച്ചുവരവ് നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
ഇത്തവണ 72.13 ശതമാനമായിരുന്നു കര്‍ണാടകയിലെ വോട്ടിങ് ശതമാനം. 1952 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വോട്ടിങ് ശതമാനമാണിത്. 2013ലെ തിരഞ്ഞെടുപ്പില്‍ അത് 71.45 ശതമാനമായിരുന്നു. സംസ്ഥാനമൊന്നാകെ എടുക്കുമ്പോള്‍ വോട്ടിങ് ശതമാനം വര്‍ധിച്ചെങ്കിലും തലസ്ഥാനമായ ബംഗളൂരുവില്‍ 51 ശതമാനം മാത്രമായിരുന്നു വോട്ടിങ് ശതമാനം. അര്‍ബന്‍ ബംഗളൂരുവില്‍ മാത്രമായിരുന്നു ഈ പ്രവണത. റൂറല്‍ ബംഗളൂരുവില്‍ 78 ശതമാനത്തില്‍ അധികം വോട്ടിങ് ശതമാനം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it