Sports

വിജയം മോഹിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഗോവയില്‍

ഫറ്റോര്‍ഡ: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു എഫ്‌സി ഗോവയ്‌ക്കെതിരേ ബൂട്ട് കെട്ടുന്നു. ആദ്യ മല്‍സരത്തിലെ ജയവും രണ്ടാം മല്‍സരത്തിലെ സമനിലയ്ക്കും ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിനു രണ്ടു തുടര്‍ തോല്‍വികള്‍ നേരിടേണ്ടിവന്നത്.
അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കും ഡല്‍ഹി ഡയനാമോസിനോട് ഏകപക്ഷീയമായ ഒരു ഗോളിനുമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനത്താണുള്ളത്. പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ഇനിയുള്ള മല്‍സരഫലങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമായിരിക്കുകയാണ്.
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണെന്നുള്ളത് തങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നാണ് അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗന്റെ പക്ഷം. റണ്ണറപ്പായ കഴിഞ്ഞ വര്‍ഷം പോലും ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റാണ് ലഭിച്ചതെന്ന് മോര്‍ഗന്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവസാന നാലിലെത്താനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.
നാല് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി  നാലാം സ്ഥാനത്താണ് ഗോവയുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ നാട്ടില്‍ 1-3ന് തകര്‍ത്താണ് ഗോവ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്.
ഇതിന് മുമ്പുള്ള കളിയില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ നാട്ടില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഗോവ തകര്‍ന്നടിഞ്ഞിരുന്നു. അതിനാല്‍ തന്നെ സ്വന്തം തട്ടകത്തില്‍ വിജയകൊടി നാട്ടുകയെന്ന ലക്ഷ്യം ഗോവയ്ക്കുണ്ട്.
ഇന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരേ ബൂട്ട് കെട്ടുമ്പോള്‍ ടീമിലെ താരങ്ങളുടെ പരിക്കാണ് ഗോവന്‍  കോച്ച് സീക്കോയെ വലയ്ക്കുന്ന പ്രധാന ഘടകം. മാര്‍ക്വി താരം ലൂസിയോ, മിഡ്ഫീല്‍ഡര്‍ ജൊഫ്രി ഗോണ്‍സാലസ്, മലയാളി താരം സിഎസ് സബീത്ത് തുടങ്ങിയ ഗോവന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്.
Next Story

RELATED STORIES

Share it