Cricket

വിജയം തുടരാന്‍ ഇന്ത്യ

വിജയം തുടരാന്‍ ഇന്ത്യ
X



സെഞ്ച്വൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് സെഞ്ച്വൂറിയനില്‍. ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തിലെ വിജയം സെഞ്ച്വൂറിയനിലും ആവര്‍ത്തിക്കാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ജയത്തോടെ മടങ്ങിവരാനുറച്ചാവും ആതിഥേയര്‍ ഇറങ്ങുക.

പ്രതീക്ഷയോടെ ഇന്ത്യ
ഡര്‍ബനില്‍ ചരിത്ര ജയം സ്വന്തമാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങിയ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ച്വൂറിയനില്‍ ടെസ്റ്റ് മല്‍സരം തോറ്റതിന് മധുര പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ബാറ്റിങില്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഫോം കണ്ടെത്തി മടങ്ങിയെത്തിയത് ഇന്ത്യയുടെ വിജയ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ഇരുവരും ചേര്‍ന്ന് ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനവും മധ്യനിരയില്‍ അജിന്‍ക്യ രഹാനെ ഫോം വീണ്ടെടുത്തതും ഇന്ത്യയുടെ കരുത്തുയര്‍ത്തുന്നു. മധ്യനിരയില്‍ കരുത്തുപകരാന്‍ എംഎസ് ധോണി, കേദാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിലുണ്ട്.
ബൗളിങില്‍ ജസ്പ്രീത് ബൂംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും പേസ് കരുത്തിനോടൊപ്പം സ്പിന്നര്‍മാരും ആദ്യ മല്‍സരത്തില്‍ കരുത്തുകാട്ടി. കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും സ്പിന്‍ തന്ത്രങ്ങളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാണ്.

പരിക്കിന്റെ പിടിയില്‍ ആതിഥേയര്‍
പരിക്കിന്റെ പിടിയിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പരിക്കിന് പിന്നാലെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിനും പരിക്ക് പറ്റിയത് ദക്ഷിണാഫ്രിക്കയ്്ക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പ്.
ഡര്‍ബനില്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ സെഞ്ച്വറിയോടെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഡുപ്ലെസിസായിരുന്നു.  ബാറ്റിങില്‍ ഹാഷിം അംല, ക്വിന്റന്‍ ഡീകോക്ക്, ജെ പി ഡുമിനി, ഡേവിഡ് മില്ലര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ആതിഥേയര്‍ക്കൊപ്പമുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്നില്ല എന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന തലവേദന.
Next Story

RELATED STORIES

Share it