വിജയം ഉറപ്പിച്ച് മുരളി; തദ്ദേശ ഫലത്തില്‍ പ്രതീക്ഷയോടെ സീമ

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: 2008ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിന്റെ അതിരുകള്‍ മാറ്റി രൂപീകരിച്ച നിയമസഭാ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. നിയമസഭാ മന്ദിരം, രാജ്ഭവന്‍, ക്ലിഫ് ഹൗസ്, ജില്ലാ ഭരണകൂടം തുടങ്ങിയവ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരത്തിന്റെ തന്ത്രപ്രധാനമായ മണ്ഡലം. 16,106 പുതുമുഖങ്ങള്‍ അടക്കം നിലവില്‍ 1,90,827 വോട്ടര്‍മാര്‍. സിറ്റിങ് എംഎല്‍എ കെ മുരളീധരന്‍(യുഡിഎഫ്), ടി എന്‍ സീമ(എല്‍ഡിഎഫ്), കുമ്മനം രാജശേഖരന്‍(ബിജെപി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കണ്ണൂരിലെ ദലിത് ഓട്ടോറിക്ഷ ഡ്രൈവര്‍ ചിത്രലേഖ ബിഎസ്പി സ്ഥാനാര്‍ഥിയായും മല്‍സരരംഗത്തുണ്ട്.
വട്ടിയൂര്‍ക്കാവ് കെ മുരളീധരനു മേല്‍കൈയുള്ള മണ്ഡലമാണെങ്കിലും മാറിമറിയുന്ന ലീഡ് നിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ശക്തമായ പോരാട്ടത്തിനു കച്ചകെട്ടിയിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.
മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കെ മുരളീധരന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. സിപിഎമ്മിനു സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മുരളീധരന്‍ വ്യക്തിപരമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍.
വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുമാണ് മുരളീധരന്‍ മണ്ഡലത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ട നേതാവായി മാറിയത്.
എന്നാല്‍, തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ യുഡിഎഫിന് വിജയം അത്ര എളുപ്പമല്ലെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. തുടര്‍ന്നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മൊത്തം വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫും മുന്‍കൈ നേടി. വട്ടിയൂര്‍ക്കാവില്‍ കോര്‍പറേഷന്‍ വാര്‍ഡുകളിലെ വോട്ടുനിലയില്‍ എല്‍ഡിഎഫാണ് മുന്നില്‍ വന്നത്. എല്‍ഡിഎഫ് നേടിയത് 38,595 വോട്ടാണ്. 32,864 വോട്ടുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്സിന് 29,434 വോട്ടുകളാണു ലഭിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതീയ സമവാക്യങ്ങള്‍ മുരളിക്ക് അനുകൂലമായതിനൊപ്പം എല്‍ഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെപോയതും ചെറിയാന്‍ ഫിലിപ്പിനു തിരിച്ചടിയായി. ഇത് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങള്‍ക്കാണ് ടി എന്‍ സീമയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എല്‍ഡിഎഫ് തുടക്കം കുറിച്ചിട്ടുള്ളത്. യുഡിഎഫിന് നിലവിലുള്ള അഴിമതിയുടെ ഇമേജും വര്‍ഗീയത മാത്രം ഉയര്‍ത്തുന്ന ബിജെപി നിലപാടും തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സീമ. 8.33 കോടി രൂപ ചെലവിട്ട് 122 പദ്ധതികളാണ് എംപി എന്ന നിലയില്‍ ജില്ലയ്ക്കു നല്‍കിയിട്ടുള്ളത്.
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപിയും രംഗത്തുണ്ട്. എന്നാല്‍, മോഡി തരംഗത്തില്‍ നേടിയ വോട്ടുകള്‍ ബിജെപിക്കു നിലനിര്‍ത്താനാവില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it