വിചാരണ തുടങ്ങി; പോലിസിന് തിരിച്ചടി

കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ വിചാരണ നടപടികള്‍ ഇന്നലെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. വിചാരണ നടപടികളില്‍ പ്രതികളായ നടന്‍  ഷൈന്‍ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ കോടതിയില്‍ ഹാജരായി.  താന്‍ പൂനെയിലേക്ക് താമസം മാറിയിരുന്നില്ല എന്ന്  കേസിലെ നാലാംപ്രതി ടിന്‍സി ബാബു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.  കേസ്  പ്രാരംഭ വാദത്തിനായി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എസ് എസ് വാസന്‍ ഫെബ്രുവരി 21 ലേക്ക് മാറ്റി. അതേസമയം, ഷൈന്‍ ടോം ചാക്കോയും യുവതികളും കൊക്കെയ്ന്‍ ഉപയോഗിച്ചതിന് തെളിവുണ്ടാക്കാനുള്ള പോലിസിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു.  പ്രതികള്‍ കൊക്കെയ്ന്‍  ഉപയോഗിച്ചെന്ന് തെളിയിക്കാനായി കൊച്ചി പോലിസ് അയച്ചുകൊടുത്ത രക്തസാമ്പിളുകളും സിഗരറ്റ് കുറ്റികളും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് തിരിച്ചയച്ചതാണ് പോലിസിനെ വെട്ടിലാക്കിയിരിക്കുന്നത്.

പോലിസ് നല്‍കിയ രക്തസാമ്പിളുകളും സിഗരറ്റ് കുറ്റികളും പരിശോധനയ്ക്ക് മതിയാവില്ലെന്നു കാണിച്ചാണ് തിരിച്ചയച്ചിരിക്കുന്നത്. അഞ്ച് പ്രതികളുടെയും രക്തസാമ്പിളുകളില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന് കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് പോലിസ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനയ്ക്കായി രക്തസാമ്പിളുക ള്‍ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്കയച്ച ത്. എന്നാല്‍, പോലിസ് ലഭ്യമാക്കിയ സാമ്പിളുകള്‍ ഉപയോഗിച്ച് ഈ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് കാണിച്ചാണ് ലാബ് അധികൃതര്‍ ഇത് തിരിച്ചയച്ചിരിക്കുന്നത്. പ്രതികളുടെ രക്തസാമ്പിളുകളും പിടിച്ചെടുത്ത കൊക്കയ്‌നിന്റെ സാമ്പിളും മാത്രമാണ് പോലിസ് കാക്കാനാട്ടെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്.

പ്രതികള്‍ കൊക്കയ്ന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന സിഗരറ്റ് കുറ്റികള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നില്ല. രക്തസാമ്പിളുകളില്‍ കൊക്കയ്‌നിന്റെ അംശം ഇല്ലാതിരുന്നതോടെ സിഗരറ്റ് കുറ്റികളില്‍ കൊക്കെയ്‌നിന്റെ അംശം ഉണ്ടോ എന്ന് ഉറപ്പാക്കുക മാത്രമായിരുന്നു പോലിസിന് മുന്നിലുള്ള പോംവഴി. സിഗരറ്റ് കുറ്റിയില്‍ കൊക്കയ്‌നിന്റെ അംശവും പ്രതികളുടെ ഉമിനീരിന്റെ അംശവും കണ്ടെത്തിയാല്‍ ഡിഎന്‍എ പ്രൊഫൈല്‍ പരിശോധനയിലൂടെ പ്രതികള്‍ കൊക്കയ്ന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ കഴിയുമെന്നായിരുന്നു പോലിസിന്റെ കണക്കുകൂട്ടല്‍. ഇതിനായാണ് രക്തസാമ്പിളുകളും സിഗരറ്റ് കുറ്റികളും ഹൈദരാബാദിലെ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ചത്. എന്നാല്‍, രക്തസാമ്പിളുകളിലും സിഗരറ്റ് കുറ്റികളിലുംനിന്ന് കൊക്കയ്‌നിന്റെ അംശം അതിവേഗം നഷ്ടമാവുമെന്നതുകൊണ്ടുതന്നെ ഹൈദരാബാദിലെ പരിശോധന പ്രഹസനമാവുമെന്ന് അന്നുതന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it