വിചാരണാ നടപടി തുടങ്ങി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസില്‍ ചലച്ചിത്രതാരം ദിലീപ് അടക്കം ജാമ്യത്തില്‍ ഉള്ളതും റിമാന്‍ഡില്‍ കഴിയുന്നതും ഉള്‍പ്പെടെ 10 പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായി.
അഭിഭാഷകരായ പ്രതികള്‍ ഹാജരായില്ല. കേസ് അടച്ചിട്ട മുറിയില്‍ വേണമെന്ന് ആക്രമണത്തിനിരയായ നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ കേസിലെ മുഴുവന്‍ രേഖകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇതേത്തുടര്‍ന്ന് കേസില്‍ പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങ ള്‍  ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്കു നല്‍കുന്നതില്‍ കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. വൈദ്യപരിശോധനാ റിപോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍  കോടതി നിര്‍ദേശിച്ചു. ആക്രമണത്തിന് ഇരയായ നടിക്കു വേണ്ടി ഹാജരാവാന്‍ സ്വകാര്യ അഭിഭാഷകനും കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചു. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം, വിചാരണ അടച്ചിട്ട മുറിയിലാക്കണം, വിചാരണാ നടപടികള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷയും നടിക്കു വേണ്ടി അഭിഭാഷകന്‍ സമര്‍പ്പിച്ചു.
എട്ടാം പ്രതിയായ ദിലീപിനെ കൂടാതെ കേസിലെ മറ്റു പ്രതികളായ വേങ്ങൂര്‍ എലമ്പക്കാമ്പള്ളി നെടുവേലിക്കുടിയില്‍ സുനില്‍കുമാര്‍(പള്‍സര്‍ സുനി), കൊരട്ടി തിരുമുടിക്കുന്ന് പൗവ്വത്തുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശ്ശേരി വി പി വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാപറമ്പില്‍ സലിം (വടിവാള്‍ സലിം), തിരുവല്ല പെരിങ്ങറ പഴയ നിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍ (മേസ്തിരി സനില്‍), കാക്കനാട് ചെമ്പുമുക്ക് കുന്നത്തു വിഷ്ണു എന്നിവരാണ് ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായത്. അഭിഭാഷകരായ പ്രതികള്‍ ആലുവ ചുണങ്ങുംവേലി ചെറുപറമ്പില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്‌വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവര്‍ ഹാജരായില്ല. സംഭവത്തില്‍ ഇവര്‍ കുറ്റക്കാരല്ലാത്തതിനാല്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെ ന്നും മറ്റു പ്രതികള്‍ക്കൊപ്പം നിര്‍ത്തരുതെന്നും ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസിലെ രേഖകള്‍ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഈ മാസം 16നു പരിഗണിക്കും. വിചാരണാ നടപടികള്‍ അനന്തമായി നീണ്ടുപോവാന്‍ ഇടവരുത്തരുതെന്നു പ്രതിഭാഗത്തോടു കോടതി നിര്‍ദേശിച്ചു. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് എന്നിവരും കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it