Flash News

വിചാരണത്തടവ് ശിക്ഷയായി പരിഗണിക്കാം



ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി കഴിഞ്ഞതിന് ശേഷം കോടതി ജയില്‍ശിക്ഷ വിധിച്ച തടവുകാരനെ, ജയില്‍ കാലയളവ് ശിക്ഷയായി പരിഗണിച്ച് മോചിപ്പിക്കാമെന്ന് സുപ്രിംകോടതി. 1980ല്‍ അഅ്‌സംഗഡില്‍ അച്ഛനും മകനുമുള്‍പ്പെടെയുള്ള സംഘം ഒരാളെ മര്‍ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. സംഭവത്തില്‍ പോലിസ് ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അഅ്‌സംഗഡ് ജില്ലാ കോടതി ഒരാളെ വെറുതെവിടുകയും നാലുപേരെ നാലുവര്‍ഷത്തിനും മുഖ്യപ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയും ചെയ്തു. കീഴ്‌ക്കോടതി വിധിയെ പ്രതികള്‍ അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, കേസില്‍ വിധിവരാന്‍ 24 വര്‍ഷമെടുത്തു. 2006ല്‍ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ പത്തുവര്‍ഷമായി കുറയ്ക്കുകയും ബാക്കിയുള്ളവരുടെ തടവുകാലാവധി ഒഴിവാക്കി 10,000 രൂപവീതം പിഴശിക്ഷ വിധിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി കഴിഞ്ഞദിവസം പരിഗണിച്ചത്. കേസില്‍ വിധിപറയാന്‍  പത്തുവര്‍ഷം എടുത്തതോടെ ഇക്കാലയളവില്‍ മൂന്നുപ്രതികള്‍ മരിച്ചു. ഒരാളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ വിചാരണ 37 വര്‍ഷത്തോളം നീണ്ടതുതന്നെ മുഖ്യപ്രതിക്ക് മറ്റൊരു ശിക്ഷയായെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. മുഖ്യപ്രതി ഇതിനകം 40 ദിവസം ജയിലില്‍ കിടന്നതായും ഭാഗികമായി വിചാരണത്തടവുകാരനായ അയാള്‍ ഇനിയും ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും ജസ്റ്റിസ് സപ്രെ വ്യക്തമാക്കി. ഇതോടെ കേസ് തീര്‍പ്പാക്കിയതായും കോടതി അറിയിച്ചു.
Next Story

RELATED STORIES

Share it