വിചാരണക്കോടതി വിധിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അപ്പീല്‍ നല്‍കി. എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രത്യേക സിബിഐ കോടതി തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടിരുന്നത്. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രാജ, കനിമൊഴി എന്നിവര്‍ക്കു പുറമേ 17 പേരെയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നു പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചത്. കോടതി വെറുതെ വിട്ടവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ പറയുന്നത്. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അന്വേഷണ ഏജന്‍സി ചെയ്തതെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് വിചാരണക്കോടതി ജഡ്ജി ഒ പി സെയ്‌നി കണ്ടെത്തിയത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതി വെറുതെ വിട്ടത്.
സ്‌പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന രീതി സ്വീകരിച്ചതുമൂലം പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമായെന്നും സിഎജി ആയിരുന്ന വിനോദ് റായി 2010ല്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് അന്വേഷിച്ച സിബിഐ 30,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്.
തുടര്‍ന്ന് എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ വ്യക്തമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതി ല്‍ സിബിഐ പരാജയപ്പെട്ടുവെന്നാണ് പ്രത്യേക സിബിഐ കോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it