വിങ്ങിപ്പൊട്ടി ചീഫ് ജസ്റ്റിസ്; എല്ലാ ഭാരവും ജുഡീഷ്യറിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്

വിങ്ങിപ്പൊട്ടി ചീഫ് ജസ്റ്റിസ്; എല്ലാ ഭാരവും  ജുഡീഷ്യറിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്
X
modi-thakur

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. സുപ്രിംകോടതി ജഡ്ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത ചടങ്ങിലാണു സംഭവം.
ജുഡീഷ്യല്‍ നിയമന കമ്മീഷനെച്ചൊല്ലി കേന്ദ്രവും സുപ്രിംകോടതിയും തമ്മില്‍ തര്‍ക്കം തുടരവെ ജഡ്ജിമാരുടെ എണ്ണക്കുറവ് നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ ഭാരമാവുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ടി എസ് ഠാക്കൂര്‍ വിങ്ങിപ്പൊട്ടിയത്. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പലവട്ടം ചീഫ് ജസ്റ്റിസിന്റെ തൊണ്ടയിടറി. ഹൈക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
എല്ലാ ഭാരവും ജുഡീഷ്യറിക്കുമേല്‍ ചുമത്താന്‍ നിങ്ങള്‍ക്കാവില്ല. ആവശ്യത്തിന് ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ കേസുകള്‍ കുന്നുകൂടിക്കിടക്കുകയാണ്. പ്രതിവര്‍ഷം അഞ്ചുകോടി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ രണ്ടുകോടി കേസുകളില്‍ മാത്രമാണ് തീര്‍പ്പുകല്‍പ്പിക്കപ്പെടുന്നത്. നീതി നടപ്പാക്കാന്‍ പറ്റാത്തതിനെക്കുറിച്ച് വിദേശനിക്ഷേപകര്‍ക്കുള്ള സംശയം കൂടിവരുന്നു. ഈ സാഹചര്യത്തില്‍ മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനും നേരിട്ടുള്ള വിദേശനിക്ഷേപം ക്ഷണിക്കുന്നതിനും അര്‍ഥമുണ്ടാവില്ല. ജയിലില്‍ കിടക്കുന്ന പാവപ്പെട്ട ഹരജിക്കാര്‍ക്കുവേണ്ടി മാത്രമല്ല, രാജ്യപുരോഗതിക്ക് കൂടിയാണു താന്‍ ആവശ്യപ്പെടുന്നത്.
അതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ പഴിക്കുന്നത് ശരിയല്ലെന്നും ഠാക്കൂര്‍ തുറന്നടിച്ചു. കൊളീജിയം സമ്പ്രദായത്തിനു ബദലായി കൊണ്ടുവന്ന നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിനുശേഷം 54 ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ചു. 50 ശതമാനത്തോളം നാമനിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. 169 നാമനിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ എപ്പോഴാണ് തീരുമാനമെടുക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, ഠാക്കൂര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നു പ്രധാനമന്ത്രി മോദി പ്രതികരിച്ചു. പഴയകാലത്തെക്കുറിച്ച് പറയുന്നതിനു പകരം ജഡ്ജിമാരും സര്‍ക്കാരും ഒന്നിച്ചിരുന്നു കൂടുതല്‍ ഫലപ്രദമായ നാളെകള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it