malappuram local

വിഗ്രഹങ്ങള്‍ തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത കലാപ ശ്രമം ; ക്ഷേത്രത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്എസ്‌



നിലമ്പൂര്‍: പൂക്കോട്ടും പാടത്ത്  വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിന്റെ പേരില്‍  കലാപമുണ്ടാക്കാന്‍ സംഘ പരിവാറിന്റെ ശ്രമം നാട്ടുകാരുടെയും, പോലിസിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലം ചീറ്റിപ്പോയി. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പുരാതന ആരാധനാലയമായ പൂക്കോട്ടുംപാടം ടൗണിനടുത്തുള്ള വില്ലോത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ് അജ്ഞാതര്‍ തകര്‍ത്തത്. ഈ കാരണം പറഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാനുള്ള വര്‍ഗീയ വാദികളുടെ നീക്കങ്ങളാണ് നാട്ടുകാരും പോലിസും സന്ദര്‍ഭത്തിനൊത്ത്  ഉയര്‍ന്ന് പ്രവര്‍ത്തിച്ചത് കാരണം പാളി പോയത്. ക്ഷേത്രത്തില്‍  ആക്രമം നടന്ന വിവരം അറിഞ്ഞ ഉടന്‍  ഇന്നലെ രാവിലെ മുതല്‍ സംഘ പരിവാര പ്രവര്‍ത്തകര്‍ പൂക്കോട്ടും പാടത്ത് കടകള്‍ അടപ്പിക്കുകയും നിരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ  സാമൂഹിക രംഗത്തുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ രാവിലെ  തന്നെ അക്രമം നടന്ന ക്ഷേത്രത്തിലെത്തുകയും  അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി  സര്‍വകക്ഷി യോഗം ചേരുകയും ചെയ്തു. ഇതിനായി അമ്പലക്കമ്മിറ്റി നേതാക്കള്‍ക്ക്  ഈ ആരാധനാലയത്തില്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ്  യോഗത്തിന് സ്ഥലം ഒരുക്കി കൊടുത്തത്. എന്നാല്‍ പൂക്കോട്ടും പാടത്തിന് സമീപമുള്ള വാണിയമ്പലം, കരുളായി തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി സര്‍വ്വകക്ഷി യോഗം അലങ്കോലപ്പെടുത്തി. ക്ഷേത്രത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്നും, ഞങ്ങള്‍ക്ക് തെളി വുകളാണ്  ആവശ്യമെന്നും പലയിടത്തും ക്ഷേത്രം തകര്‍ത്തതിന് തെളിവുണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു. സര്‍വ്വകക്ഷിയോഗത്തിനെത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ അടക്കമുള്ള നേതാക്കന്‍മാരെയാണ് അമ്പലത്തില്‍ നിന്നും സംഘ പരിവാര പ്രവര്‍ത്തകര്‍ ഇറക്കിവിട്ടത്.  ഈ സംഭവത്തിന് ശേഷം പിന്നീട് അവിടെയെത്തിയ  മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനോടും അകത്ത് കയറാന്‍ സമ്മതിക്കാതെ ഇറങ്ങി പോകുവാന്‍ ആവശ്യപ്പെട്ടു. ഈ ക്ഷേത്രത്തിലെ    കമ്മിറ്റിയില്‍ ഈയ്യടുത്ത കാലത്തായി സംഘപരിവാരത്തിന്റെ ഇടപെടല്‍ കാരണം രണ്ട് വിഭാഗമായി ഭിന്നത നിലനില്‍ക്കുകയാണ്. അതിനിടയില്‍ ഉണ്ടായ ഇത്തരമൊരു ആക്രണത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും  കരങ്ങള്‍ ഉണ്ടോ എന്ന്  പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന  ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണവും ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it