വിക്ടോറിയ പ്രിന്‍സിപ്പലിന് പ്രതീകാത്മക ശവകുടീരം: 16 പേര്‍ക്കെതിരേ കേസ്

പാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിന് പ്രതീകാത്മക ശവകുടീരം നിര്‍മിച്ച സംഭവത്തില്‍ 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 31നാണ് സംഭവം അരങ്ങേറിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നു വിരമിച്ച പ്രിന്‍സിപ്പല്‍ ഡോ. സരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്നും കോളജ് ഗ്രൗണ്ടില്‍ തന്റെ പേരില്‍ പ്രതീകാത്മക ശവകുടീരം ഉണ്ടാക്കി റീത്ത് സമര്‍പ്പിച്ച് അപമാനിച്ചെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളായ 16 പേര്‍ക്കെതിരേ പോലിസ് കേസെടുത്തത്.
വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ പൂക്കളും റീത്തും സമര്‍പ്പിച്ച് 26 കൊല്ലത്തെ പഴംപുരാണത്തിന് എരിതീ, നാണക്കേടേ നിന്റെ പേരോ സരസു എന്ന വാചകമെഴുതിയ കത്തും വച്ചാണു ശവകുടീരം തയ്യാറാക്കിയത്. അന്നു വൈകീട്ട് ശവമടക്കിനെ പ്രതീകവല്‍ക്കരിച്ചു സമീപത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗുണ്ട് പൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രിന്‍സിപ്പല്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
കോളജിലെ ചില എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം അനുകൂല സംഘടനയായ എകെജിസിടിയിലെ ചിലരുമാണ് സംഭവത്തിനു പിന്നിലെന്നും വാട്ട്‌സ്ആപ്പില്‍ എസ്എഫ്‌ഐ നേതാവ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്നു പോലിസ് കോളജിലെത്തിയെങ്കിലും അപ്പോഴേക്കും ഒരു വിഭാഗം ശവകുടീരം പൊളിച്ചുനീക്കിയിരുന്നു. പരാതി മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ശവകുടീരം പൊളിച്ചുനീക്കിയത്. കോളജിലെ എസ്എഫ്‌ഐയിലെ പൂര്‍വ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും പ്രതീകാത്മക ശവകുടീരത്തിനു മുമ്പില്‍ റീത്ത് സമര്‍പ്പിച്ചതായി അറിയുന്നു. സംഭവം വിവാദമായതോടെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കോളജ് യൂനിയന്‍ ഭാരവാഹികളുള്‍പ്പെടെ 16 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നും പ്രിന്‍സിപ്പലും സംഘപരിവാര സംഘടനകളും ബോധപൂര്‍വം എസ്എഫ്‌ഐയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘപരിവാര ആശയങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍സിപ്പല്‍ ഡോ. സരസു കോളജില്‍ ഏകാധിപത്യ രീതിയില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അതു പലപ്പോഴും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിരുന്നതായും അവര്‍ പറഞ്ഞു. കാലിക്കറ്റ് യൂനിയന്‍ എ-സോണ്‍ കലോല്‍സവം നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ പരീക്ഷ നടത്താനുള്ള നീക്കം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും അതിനെ എതിര്‍ത്തതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നും അവര്‍ ആരോപിച്ചു.
വിക്ടോറിയ കോളജ് പ്രിന്‍സിപ്പാളായി ചാര്‍ജെടുത്തപ്പോള്‍ സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും അതിന് തടസം നില്‍ക്കുന്നവരെ ശരിയാക്കുമെന്നും ഡോ. സരസു പറഞ്ഞിരുന്നതായി യൂനിയന്‍ ഭാരവാഹികളായ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് ജയന്‍ പറഞ്ഞു. സരസു കഴിഞ്ഞ ജൂലൈയിലാണ് തൃത്താല ഗവ. കോളജില്‍ നിന്ന് വിക്ടോറിയയില്‍ പ്രിന്‍സിപ്പലായെത്തിയത്.
Next Story

RELATED STORIES

Share it