Alappuzha local

വികസന സമിതി യോഗത്തില്‍ പരാതിയുടെ പ്രളയം

മങ്കൊമ്പ്: വേനല്‍ അതിശക്തമായതോടെ കുടിവെള്ളക്ഷാമം നേരിടുന്ന കുട്ടനാട്ടില്‍ കുടിവെള്ളമെത്തിക്കാത്തതില്‍ താലൂക്കു വികസന സമിതി യോഗത്തില്‍ പ്രതിഷേധം കടല്‍പോലെ ഇരമ്പിയെത്തി. കുടിവെള്ളത്തിനുവേണ്ടിയുള്ള മുറവിളി സമിതിയോഗത്തിലെ പതിവ് ഇനമാണെങ്കിലും ഇത്തവണ പ്രതിഷേധം കനല്‍പോലെ ജ്വലിച്ചു.
കെപിസിസിസി നിര്‍വാഹക സമിതിയംഗം അലക്‌സ് മാത്യു, കേരളാ കോണ്‍ഗ്രസ്ബി നേതാവ് ജോസ് കാവനാട് എന്നിവരാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. കുടിവെള്ള വിതരണം സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി സുധാകരന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ തഹസില്‍ദാര്‍ വികസനസമിതി യോഗത്തിനെത്തിയില്ല. പതിവുപോലെ ഇത്തവണയും എംഎല്‍എ യോഗത്തില്‍ പങ്കെടുത്തില്ല. മറ്റ് ജനപ്രതിനിധികളുടെ എണ്ണവും യോഗത്തില്‍ കുറവായിരുന്നു. ഇതോടെ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ കുടിവെള്ളത്തിനായുള്ള മുറവിളി ഉയര്‍ന്നു. കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം നടക്കുന്നില്ലന്ന് ജോസ് കാവനാടാണ് ആദ്യം പരാതിയുന്നയിച്ചത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും കുടിവെള്ളക്ഷാമമാണ്.
കഴിഞ്ഞ വികസനസമിതി യോഗത്തില്‍ പത്തു ദിവസത്തിനകം വാഹനങ്ങളുലുള്ള കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് തഹസീല്‍ദാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത്രയേറെ ക്ഷാമമുണ്ടായിട്ടും വാക്കു പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് അലക്‌സ് മാത്യുവും കുടിവെള്ളത്തിന്റെ തീവ്രത യോഗത്തില്‍ വിവരിച്ചു. മാര്‍ച്ച ആരംഭം മുതലേ കടുത്ത വരള്‍ച്ച ആരംഭിച്ചതാണ്. ഇതിനോടകം തന്നെ കുടിവെള്ളമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കുറഞ്ഞത് ഇരുപത് തവണയെങ്കിലും താലൂക്കു പടിക്കല്‍ ധര്‍ണ നടത്തിയിട്ടുണ്ട്. ഓരോ തവണയും ഉടനെ ആരംഭിക്കുമെന്ന ഉറപ്പാണ് ലഭിച്ചിരുന്നത്. ആദ്യം കുട്ടനാടിനെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചില്ല എന്നതാണ് കുടിവെള്ള വിതരണം ആരംഭിക്കുന്നതിനുള്ള തടസമായി പറഞ്ഞിരുന്നത്.
എന്നാല്‍ പ്രഖ്യാപനം വന്ന് രണ്ടാഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയാകാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. ലോറികളില്‍ ജലവിതരണം ആരംഭിച്ചാല്‍ തന്നെ ക്ഷാമത്തിനു പരിഹാരമാകണമെന്നില്ല. ലോറികളില്‍ കൊണ്ടുവരുന്ന വെള്ളം ഓരോ പ്രദേശത്തും സ്ഥാപിച്ചിരിക്കുന്ന കിയോസ്‌കുകളില്‍ നിറയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ നിറയ്ക്കുന്ന വെള്ളം രണ്ടുദിവസത്തിനുള്ളില്‍ കാലിയാകും. പിന്നീട് ഒരാഴ്ച കഴിഞ്ഞേ വീണ്ടും നിറയ്ക്കാനെത്തുകയുള്ളുവെന്നും യോഗത്തില്‍ പാരാതിയുയര്‍ന്നു.
Next Story

RELATED STORIES

Share it