thrissur local

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

തൃശൂര്‍: ഏറെക്കാലം ചുവപ്പുനാടയില്‍ കുരുങ്ങികിടന്നിരുന്ന വടക്കാഞ്ചേരി റെയില്‍വേ കോളനിയിലെയും അടാട്ട് പാരിക്കാട് കോളനിയിലെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മാതൃകയില്‍ ഓരോ കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗവും പിന്നോക്കസമുദായക്ഷേമവും മന്ത്രി എ കെ ബാലന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്. 2014 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ കോളനി, അടാട്ട് പാരിക്കാട് കോളനി എന്നിവിടങ്ങളില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം ഓരോ കോളനികള്‍ക്കും ഓരോ കോടി രൂപ അനുവദിച്ചിരുന്നത്. പദ്ധതിയിലെ വ്യവസ്ഥ അനുസരിച്ച് കോളനികളിലെ വീടുകളിലെ റിപ്പയറിംഗിന് ആകെ 10 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനാലാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലേയ്ക്ക് ഭേദഗതി വരുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ കോളനികളിലെ വീടുകളുടെ റിപ്പയറിങ്ങിന് ഓരോ ലക്ഷം രൂപയും വീടുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഇരുപത്തിഅയ്യായിരം രൂപയും കുടിവെള്ള പദ്ധതികാവശ്യമായ സംഖ്യയും പദ്ധതികളില്‍ ചിലവഴിക്കും. ഇതിനുപുറമെ വടക്കാഞ്ചേരി വേട്ടാംകോട്, തെക്കുംകര വെടിപ്പാറ കോളനികളിലും ഓരോ കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയനുസരിച്ച് നാല് കോളനികള്‍ക്ക് അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും അനില്‍ അക്കര എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it