kozhikode local

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം

കോഴിക്കോട്:  പൊറ്റമ്മല്‍- പുത്തൂര്‍മഠം റോഡിന്റെ രണ്ടാം റീച്ചായ പാലാഴി- പുത്തൂര്‍മഠം റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ഈ റോഡിന്റെ ആദ്യ റീച്ചായ പൊറ്റമ്മല്‍ മുതല്‍ ബൈപ്പാസ് റോഡിലെ പാലാഴി ജങ്ക്ഷന്‍ വരെയുള്ള ഭാഗം നവീകരിച്ചെങ്കിലും രണ്ടാം റീച്ച് ഗതാഗത യോഗ്യമല്ലാത്തവിധം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന വായ്പാ പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ട് മാസങ്ങളായെങ്കിലും അവര്‍ക്ക് ഒരു ഗഡുപോലും ഫണ്ട് കൈമാറിയിട്ടില്ലെന്നും ഇവര്‍ക്ക് തുക കൈമാറാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ ദാസന്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.  തുഷാരഗിരി വികസനത്തിന് ഭൂമി ലഭിച്ചിട്ടും പദ്ധതികള്‍  ആവിഷ്‌ക്കരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും സി മോയിന്‍കുട്ടി എംഎല്‍എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.  ഡിടിപിസിക്ക് സ്ഥിരം സെക്രട്ടറി വേണമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മടപ്പളളി ഗവണ്‍മെന്റ് കോളേജില്‍ മഴവെളള സംഭരണി നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി കെ നാണു എംഎല്‍എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ സുനാമി കോളനിയില്‍ കുടിവെളള ടാങ്കിന്റെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ഇവിടെ ഒരു കുഴല്‍കിണര്‍ നിര്‍മ്മിക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ മാഖത്തുംപടി സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മണ്ണിട്ട് തൂര്‍ക്കുന്നതിന് അനുമതി ലഭ്യമാക്കണമെന്ന് പിടിഎ റഹീം എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനും മറ്റു പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ നിബന്ധനകള്‍ മാത്രം വിധേയമാക്കണമെന്നും സ്ഥലം വാങ്ങുന്നതിനുളള തുക പട്ടികജാതി വകുപ്പിന്റെ തുകക്ക് സമാനമാക്കണമെന്നും കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ വി കെ സി മമ്മദ് കോയ, എംഎല്‍എമാരായ സി കെ നാണു, പിടിഎ റഹീം, സി മോയിന്‍കുട്ടി, കെ ദാസന്‍, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it